Thursday, April 12, 2012

ചാവേറുകളവാന്‍ പ്രേരിപ്പിക്കുന്ന മാസ്‌റ്റേഴ്‌സ്, ചാവേറുകളായി എരിഞ്ഞടങ്ങുന്ന മാസ്‌റ്റേഴ്‌സ്





മുബിന്‍ പുലിപ്പാറ

കേരളത്തിലെ 90 ശതമാനം പേരിലും തീവ്രവാദം ഒളിഞ്ഞു കിടപ്പുണ്ടോ? നമ്മുടെ ചിന്തകള്‍ പരിധിവിട്ട് കടന്നു പോകുന്ന പല നിമിഷങ്ങളും ജീവിതത്തില്‍ ഉണ്ടാകാറുണ്ട്; ചിലപ്പോള്‍ നാം പൊട്ടിത്തെറിക്കും, തെറി വിളിക്കും , വന്ന്യമായ പലചിന്തകളിലെക്കും കടന്നുചെല്ലും, സ്വയം പീഡിപ്പിക്കും, ചിലപ്പോള്‍ ജീവിതം തന്നെ അവസാനിപ്പിക്കാനും ആയുധമെടുക്കാനും കൊലവിളി നടത്താനും ശ്രമിക്കും. നാം അനുഭവിക്കുന്ന ജീവിത പ്രയാസങ്ങളുടെയും ദാരിദ്ര്യത്തിന്റെയും ശാരീരികവും മാനസികവുമായ ആവിശ്യകതകളില്‍നിന്നുമാണല്ലോ ഇതൊക്കെ ഉണ്ടാവുന്നത്. ചിലപ്പോളെല്ലാം അത് അങ്ങനെ ആയെങ്കില്‍ എന്ന് നാം കരുതാറുമുണ്ട് .

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ, മാസ്‌റ്റേഴ്‌സ് എന്ന ജോജി ആന്റണി ചിത്രം കണ്ടപ്പോള്‍ അങ്ങനെ തോന്നിപ്പോയി . ഹൈ വോള്‍ടേജ് ധര്‍മ്മികരോക്ഷം വമിക്കുന്ന ഒരു സിനിമ കണ്ടാല്‍ ഉത്തേജനം ലഭിക്കുമെങ്കില്‍ സിനിമ കണ്ട കാശു ലാഭം. എന്നാല്‍ സിനിമയില്‍നിന്ന് കാല്‍പ്പനികതയെ മാറ്റിനിര്‍ത്തിയാല്‍ സിനിമ ചെയ്യുന്ന ഫലം തികച്ചും നെഗറ്റീവായ ചില അംശങ്ങള്‍ ഉണ്ടെന്നു കാണാന്‍ കഴിയും. മാത്രമല്ല തമിഴര്‍ എന്നേ ഉപേക്ഷിച്ച മെലോഡ്രാമയും വൈകാരികമായ സന്ദര്‍ഭങ്ങളും പഴയ രജനികാന്ത് പടങ്ങളേ ഓര്‍മ്മിപ്പിക്കും.
മലയാളിക്ക് ആസ്വാദന വിരുന്നൊരുക്കുന്ന സംവിധായകന്റെ കഴിവ് 'അപാരം' തന്നെ, പൃഥ്വീരാജും തമിഴ് നടന്‍ ശശികുമാറും അഭിനയിക്കുന്ന സിനിമ കുറ്റകൃത്യത്തിന്റെ പുതിയ മെത്തഡോളജിയും കൊലപതകങ്ങളുടെ ഒരു സീരിയല്‍ ആണ് അവതിരിപ്പിക്കുന്നത്. അന്വേഷണ ഉദ്യോഗസ്തനായ പോലിസുകരനായി പൃഥ്വീരാജും, ആദ്യം മുതല്‍ സഹായിയും കൊലപതകികളില്‍ അവസാന കണ്ണിയായി ശശികുമാറും മാറുന്നു. സാമുഹ്യ തിന്മകളെ ചൂണ്ടിക്കാട്ടുന്ന സിനിമ സ്ത്രീ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ വേണ്ട ചേരുവകള്‍ ചേര്‍ത്തിട്ടുണ്ട്. ഒരു എന്റര്‍ടെയിന്‍മെന്റ് എന്നതില്‍ കവിഞ്ഞു പ്രത്യേകത ഒന്നും ഇതിനില്ലങ്കിലും അത് പറയുന്നവിഷയം സ്ത്രീ വിഷയമാണ് . സീരിയല്‍ ആയുള്ള ഈ കൊലപാതകങ്ങള്‍ക്കെല്ലാം കാരണമായി മാറുന്നത് പീഡനവും മാനഭംഗവും അതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള കൊലപതകങ്ങളുമാണ്.

ചാരിത്ര്യം എന്നത് പവിത്രമായ ഒരു സംഗതിയും, അത് നഷ്ട്ടപ്പെട്ടാല്‍ ജീവിതം തന്നെ നഷ്ട്ടപെട്ടു എന്ന മൂല്യ ബോധമാണ് അതില്‍ വ്യക്തമായി നിഴലിക്കുന്നത്. ഈ ബോധത്തെ ഊട്ടിയുറപ്പിക്കുന്നതില്‍ ഈ സിനിമ ചെറുതല്ലാത്തൊരു പങ്കു വഹിക്കുന്നുണ്ട്. സത്യത്തില്‍ സ്ത്രീകള്‍ക്കെതിരായ വലിയ കടന്നാക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇരകളായ സ്ത്രീകളുടെ നേതൃത്തത്തിലുള്ള കൗണ്ടര്‍കൊലകള്‍ സ്ത്രീപ്രേക്ഷകരെ വല്ലാതെ പിടിച്ചിരുത്തും. അധിമാനുഷികരായ ഇവരെ നാം മനസുകൊണ്ട് അഭിനന്ദിക്കും. തിയേറ്ററുകള്‍ കരേഘാഷം കൊണ്ട് മുഴങ്ങും. ഒരു റിബല്‍ മൂവ്‌മെന്റിന്റെ സുഖം നമുക്ക് പകര്‍ന്നു തരും. അതുകൊണ്ട് തന്നെ അരാഷ്ട്രീയ വല്ക്കരിക്കപെട്ടിരിക്കുന്ന മലയാളിക്ക് ആത്മസുഖം അത് നല്‍കും. ഇവിടെ സിനിമ എന്ന കലതന്നെ ഒരു ചാവേറാകുകയും സ്വയം എരിഞ്ഞടങ്ങുകയുമാണ്.

കേരള സമുഹത്തില്‍ സൗമ്യ വധം ഉയര്‍ത്തിവിട്ട ഒരു ഷോക്ക് ഇന്നും വിട്ടുമാറിയിട്ടില്ല. സിനിമ യാഥാര്‍ത്ഥ്യത്തെ പിന്‍പറ്റുന്ന ഒന്ന് അല്ല എങ്കില്‍ കൂടി സമുഹ്യമായ വിഷയങ്ങള്‍ എന്നനിലയ്ക്ക് അവതരിപ്പിക്കുമ്പോള്‍ കുറേകൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. സൗമ്യക്കെതിരായ ഗോവിന്ദച്ചാമിയുടെ ആക്രമണം നീചമായിരുന്നു എന്ന് നമുക്കറിയാം. എന്നാല്‍ മാനഭംഗത്തിനുപകരം വധശിക്ഷയും കൊലക്ക് പകരം കൊലയും എന്ന സമവാക്യം മാറ്റിയെഴുതപ്പെടേണ്ടതല്ലേ? കാരണം കുറ്റവാളികളെ സൃഷ്ടിക്കുന്നതില്‍ സമൂഹത്തിനു വലിയ പങ്കുണ്ട്,മാത്രവുമല്ല അത് ചീഞ്ഞു നാറിയ നമ്മുടെ സാമുഹ്യ അവസ്ത്തയുടെ പ്രതിഫലനവുമാണ് ,ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്ന . സിനിമകളുടെ വയലന്‍സും സെക്‌സും പരിശോധിച്ചാല്‍ നമുക്കത് ബോധ്യപ്പെടും. എന്‍കൗണ്ടറുകളെ ന്യായീകരിക്കുന്ന ഒരു പറ്റം സിനിമ തന്നെ നമുക്കുണ്ട്. ഫോര്‍ ദി പിപ്പിളിനു ശേഷം പ്രതികരിക്കാന്‍ വെമ്പുന്ന ഒരു പറ്റം ഇരകളുടെ സംഗമവും പരസ്പരം കുറ്റവാളികളെ കൈമാറുന്ന അവരുടെ രീതിയും സിനിമ പകര്‍ന്നു തന്നു. മറ്റുള്ളവരുടെ ശത്രുക്കളെ കൊല്ലാന്‍ ഉത്തരവാതദിത്വമേറ്റെടുക്കുന്ന ഇരകള്‍ ഓരോ സൂയിസൈഡ് ഗറില്ലകളായി മാറുകയാണ്. പരസ്പരം കുറ്റവാളികളെ കൈമാറികൊണ്ട് കൊല്ലുകയാണ്, മാത്രവുമല്ല അവര്‍ ചാവേറുകളാവുകയാണ് (ചാവേറുകളായി എരിഞ്ഞടങ്ങുകയാണ്!!!) മലയാളിയുടെ ഏറ്റവും സെന്‍സിറ്റിവായ പ്രതലത്തെ സ്പര്‍ശിച്ചുകൊണ്ട് ചൂഷണം ചെയ്യുമ്പോള്‍ തന്നെ അത് ഉല്‍പ്പാദിപ്പിക്കുന്ന മൂല്യബോധങ്ങളും ഹൈവോള്‍ടേജ് ധര്‍മികരോക്ഷവും എവിടെ ചെന്ന് നില്‍ക്കുന്നു എന്ന് പരിശോധിക്കപെടേണ്ടതല്ലേ?

No comments:

Post a Comment