Tuesday, May 14, 2013

നിര്‍ഭയമായ ജീവിതമാണ് സ്വാതന്ത്ര്യം



കെ.പി.ലിജുകുമാര്‍


മാനവികത, സ്വാതന്ത്യം, രാഷ്ട്രീയം, രാഷ്ട്രീയക്കാരന്‍, കമ്മ്യൂണിസ്റ്റ് തുടങ്ങിയ പദങ്ങള്‍ക്ക് ജീവിതാര്‍ത്ഥങ്ങള്‍ കല്‍പ്പിക്കുന്നതരത്തില്‍ വഴിത്തിരിവിന്റെ ഭൂമിക സൃഷ്ടിച്ചിരിക്കുകയാണ് പുതിയ കേരളീയ പരിസരം. സഖാവ് ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം അതിന്റെ വിശാലമായ അര്‍ത്ഥങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നു. അത് കേരളിയന്റെ രാഷ്ട്രീയ-സാമുഹ്യ ബോധതലങ്ങളെ ഉഴുതുമറിച്ചുകൊണ്ടിരിക്കുന്നു. തെളിമയാര്‍ന്ന ഈ അകക്കണ്ണിനെ മൂടിവരിയനുള്ള വെപ്രാളത്തിലാണ് സി പി ഐ എം നേതൃത്വം. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല ആര്‍ എം പി പ്രവര്‍ത്തിക്കുന്നതെന്നും  ചന്ദ്രശേഖരന്‍ സ്ഥാനമോഹവും പാര്‍ലമെന്ററി ആര്‍ത്തിയുമുള്ളവനെന്നും സി പി ഐ എം നേതൃത്വം പ്രമേയം പാസാക്കുന്നു. ഇരട്ട ചങ്കുള്ള കമ്മ്യൂണിസ്റ്റ് ആയും കുലത്തില്‍ തന്നെയുള്ള ധീരനായ പോരാളിയായും സമൂഹം ഏറ്റുപറയുകയും ജീവിതം കൊണ്ട് അത് സ്വയം അടയാളപെടുത്തുകയും ചെയ്ത ധീരനെയാണ് സി പി ഐ എം നേതൃത്വം കരിപിടിച്ച മനസിലെ കറുത്ത മഷികൊണ്ട് വെളുത്ത കടലാസിലെ കറുത്ത കരടാക്കി അവതരിപ്പിക്കുന്നത്. ഇതിനു ടി പി ചന്ദ്രശേഖരന്‍ തന്നെ മറുപടി കൊടുക്കുന്നുമുണ്ട്. 2012 ജനുവരി ലക്കം ഇടതു പക്ഷം മാസികയില്‍ ടി പി എഴുതിയ ലേഖനം രാഷ്ട്രീയവും സംഘടനാപരമായും സി പി എമ്മിനെ വിലയിരുത്തുകയും പുതിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദിശയെ വ്യക്തമാക്കുകയും ചെയ്യുന്നു. '1964 ല്‍ സി പി ഐ എം അംഗീകരിച്ച പാര്‍ടി പരിപാടി 2000ല്‍ തിരുവനന്തപുരത്ത് ചേര്‍ന്ന് നടത്തിയ ഭേദഗതികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത ഗൂഢാലോചനയായിരുന്നെ'ന്നു ടി പി വിശദികരിക്കുന്നു.
വിദേശ മൂലധനം കണ്ടുകെട്ടണമെന്ന 64ലെ പരിപാടി ഭേദഗതി ചെയ്തു തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ വിദേശ ഫിനാന്‍സ് മൂലധനം ആകാം എന്ന് പ്രഖ്യാപിച്ചു. പ്രതിഫലമില്ലാതെ ജന്മിത്തം അവസാനിപ്പിക്കണമെന്ന വാദം പരിപാടിയില്‍ നിന്ന് നീക്കം ചെയ്തു. വിദ്യാഭ്യാസം പൊതു ഉടമസ്ഥതയിലായിരിക്കണമെന്ന ഭാഗം പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തണമെന്നാക്കി വെള്ളം ചേര്‍ത്തു. ഇങ്ങനെ വിദേശ ഫിനാന്‍സ് മൂലധന ശക്തികള്‍ക്കും ഭൂപ്രഭുത്വത്തിനും മറ്റു കമ്പോള ശക്തികള്‍ക്കും ഇളവും അയവും ചെയ്തുകഴിയുമ്പോള്‍ ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് എന്ത് വിപ്ലവകരമായ കടമയാണ് നിര്‍വ്വഹിക്കാനാവുക എന്ന് ടി പി ചോദിക്കുന്നു. അതുവരെ പാത്തും പതുങ്ങിയും പ്രച്ഛന്ന വേഷങ്ങളിലും  അവതരിപ്പിക്കപെട്ട നവസാമ്പത്തിക അജണ്ടകള്‍ 2000-ലെ പുതുക്കിയ ഈ പരിപാടിയോടെ സി പി ഐ എം നേതൃത്വം അക്രമോത്സുക മാക്കുകയാണ് ഉണ്ടായതെന്ന് അദേഹം വ്യക്തമാക്കുന്നു.

കേരളീയ സാമുഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വകാര്യമൂലധന ശക്തികള്‍ കയ്യേറുന്നതിനു മറയായി പ്രവര്‍ത്തിച്ചത് സി പി ഐ എം ആണെന്നും ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളുടെ ദുരുപയോഗത്തിലുടെയാണ് ഇത് സാധ്യമായതെന്നു സഖാവ് ടി പി പറയുന്നു. മാര്‍ക്‌സിസം കയ്യൊഴിഞ്ഞ ഒരു പാര്‍ട്ടി ലെനിനിസം കൊണ്ട് നടക്കുന്നത് ഫാസിസത്തിന് കാരണമായെന്നും സി പി ഐ എം പോലുള്ള കമ്മ്യുണിസ്റ്റ് പാര്‍ട്ടികളെ വര്‍ഗ രാഷ്ട്രീയ വീഥികളില്‍ തിരിച്ചെത്തിക്കാന്‍ കഴിയാത്ത വിധം അവര്‍ അടിസ്ഥാന മാര്‍ക്‌സിസ്റ്റ് ദര്‍ശനങ്ങളില്‍നിന്നു അകന്നു പോയെന്നും അദ്ദേഹം അടിവരയിടുന്നു. വ്യവസ്ഥാപിത ഇടതുപക്ഷം ഉപേക്ഷിച്ചു പോയ വര്‍ഗ്ഗസമര   പാതകളെ വീണ്ടെടുക്കാനും സോഷ്യലിസ്റ്റ് പ്രയോഗത്തിന്റെ അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും മുതലാളിത്ത  സാമ്രാജ്യത്വ ചൂഷണ പദ്ധതികള്‍ക്കെതിരെ ലോകത്തെങ്ങും വ്യാപകമാകുന്ന സമരങ്ങളെ നയിക്കാനും ശേഷിയുള്ള ഒരു പ്രസ്ഥാനം കെട്ടി പടുക്കുക എന്ന ത്യാഗ നിര്‍ഭരമായ ചുമതല ഏറ്റെടുക്കാന്‍ സഖാവ് ടി പി ആഹ്വാനം ചെയ്യുന്നു.

പ്രത്യയശാസ്ത്രവും രാഷ്ട്രീയവും കയ്യൊഴിഞ്ഞത് ഞങ്ങളല്ലെന്നും അത് അടിമുടി കുഴിച്ചുമൂടിയത് സി പി ഐ എം ആണെന്നുമുള്ള പ്രഖ്യാപനത്തിലൂടെ കഴിഞ്ഞ കാലങ്ങളില്‍ ടി പിയുടെ നേതൃത്വത്തില്‍  റെവലൂഷണറി  മാര്‍ക്‌സിസ്റ്റ് പാര്‍ടിയും പുതിയ കാലത്തെ സമരങ്ങള്‍ക്കും സംഘടനകള്‍ക്കും  വേണ്ടി അഹോരാത്രം നിര്‍ഭയമായ ജീവിതം നയിക്കുകയായിരുന്നു. റെവലൂഷണറി  മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന പേര് സ്വീകരിക്കുന്നതിനു മുന്‍പ് ഒഞ്ചിയം വിപ്ലവകാരികളുടെ സംഘടനക്കു മാര്‍ക്‌സിസ്റ്റ് പാര്‍ടി എന്നായിരുന്നു പേര്. രെജിസ്‌ട്രേഡ് പാര്‍ട്ടി എന്ന നിലയില്‍ സി പി ഐ എം ആ പേരിനെ  തെരഞ്ഞെടുപ്പു കമ്മിഷനില്‍ ചോദ്യം ചെയ്തു. ആ പേരില്ലാതായാല്‍ പുതിയ പ്രസ്ഥാനം ഇല്ലാതാകും എന്ന് സി          പി ഐ എം ബുദ്ധികേന്ദ്രങ്ങള്‍ കരുതിക്കാണും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന പേര് ഉപയോഗിക്കുന്നതില്‍ നിന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ പുതിയ പ്രസ്ഥാനത്തെ വിലക്കി. എന്നാല്‍ പുതിയ  പ്രസ്ഥാനത്തെ ജനങ്ങളും മാധ്യമങ്ങളും കൂടി റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന് വിളിച്ചു തുടങ്ങി. അങ്ങനെ സംഘടന റവലുഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായി.

2008ലാണ് ഒഞ്ചിയത്തെ വിപ്ലവകാരികള്‍ സി പി ഐ എമ്മില്‍ നിന്നും പുറത്തുവരുന്നത്. സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ  മുന്നണി ഭരണം നടത്തുന്ന സമയം. നിരവധി ജനകീയ സമരങ്ങളുടെ നേതൃത്വം വഹിച്ചിരുന്ന വി എസ് അച്യുതാനന്ദനു നിയമസഭ സീറ്റ് നിഷേധിച്ചതിന്റെ അനുരണനങ്ങള്‍ വിട്ടു മാറാത്ത സമയം. എം എന്‍ വിജയന്റെ നേതൃത്വത്തില്‍ സി പി ഐ എമ്മിനകത്ത് നാലാം ലോക വാദത്തിനെതിരെ പ്രത്യയശാസ്ത്ര സമരം ഒരു വശത്തും, മൂന്നാര്‍, ലാവ്‌ലിന്‍, സാന്റിയാഗോ മാര്‍ട്ടിന്‍, ഫാരിസ് അബൂബക്കര്‍, വിജയ് മല്യ തുടങ്ങി രക്തക്കറ പുരണ്ട ഫിനാന്‍സ് മൂലധനത്തിന്റെ ഇടനിലക്കാരായി സി പി ഐ എം നേതൃത്വം മാറി, എല്ലാ മറകളും നീക്കി പുറത്തു വന്ന ഘട്ടം. ഈ ഘട്ടത്തില്‍ സിപി ഐ എമ്മിനകത്തു നിരവധി ധ്രുവീകരണങ്ങള്‍ ഉണ്ടായി. അധിനിവേശ പ്രതിരോധ സമിതി, കമ്മ്യൂണിസ്റ്റ് കാമ്പയിന്‍, കമ്മറ്റി ഇടതു പക്ഷ ഏകോപനസമിതി തുടങ്ങിയ സംഘടനകള്‍ ആയും വ്യക്തികള് ആയും സി പി എം നകത്ത് നിന്നും അതിന്റെ നയ വ്യതിയാനങ്ങള്‍ക്കെതിരെ പുറത്തു വന്നു. ഇതിന്റെ ഭാഗം തന്നെയായിരുന്നു ആര്‍ എം പി.

ഇത് തികച്ചും ആശയപരമായിരുന്നു. എന്നാല്‍ ഇതിനെ സി പി ഐ എം നേതൃത്വം കൈകാര്യം ചെയ്തത് സാങ്കേതികവും സംഘടനാപരവുമായ രീതിയില്‍ ആയിരുന്നു. ഒഞ്ചിയത്ത് തന്നെയുള്ള ഒരു ഉദാഹരണം എടുക്കാം. 2003 വര്‍ഷം പിണറായി വിജയന്‍ എന്ന   സി പി ഐ എം സംസ്ഥാന സെക്രട്ടറിയുടെ വീടിനെക്കുറിച്ച് വിവാദമുയര്‍ന്നു. വസ്തുത അന്വേഷിക്കാന്‍ പോയ സഖാക്കള്‍ സുധീഷ്, സജീഷ് എന്നിവരെ പാര്‍ടി പുറത്താക്കി. എന്നാല്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സെക്രട്ടറിക്ക് എങ്ങനെ ഇത്ര വലിയ വീടുണ്ടായി എന്നും സ്വകാര്യ സ്വത്തും വ്യക്തി താല്പര്യവും പാര്‍ടി നേതൃത്വത്തിന് കീഴടങ്ങിയതെങ്ങനെയെന്നും പരിശോധിക്കാന്‍ തയ്യാറായില്ല . എസ്.എഫ്.ഐ നേതാവും മടപ്പള്ളി കോളേജ് യുണിയന്‍ ചെയര്‍മാനുമായിരുന്ന ലിജീഷ് കുമാര്‍ ഈ നടപടിയെ കുറിച്ച് ഇങ്ങനെ എഴുതി. ''നോക്കിയാല്‍ പേടിച്ചു പോകുന്ന എന്തായിരിക്കണം അവിടെ ഒളിപ്പിച്ചു  ഒളിപ്പിച്ചു വെച്ചിട്ടുണ്ടാവുക? ഈ ചോദ്യങ്ങള്‍ പലപ്പോഴും എന്നെ വേട്ടയാടി. ഒരു  ശത്രുവിന്റെ വീട് പോലെ എന്തിനാണ് ഒരു സഖാവിന്റെ വീടിനെ കണുന്നതില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്? അന്നാദ്യമായി ഞാന്‍ കീഴാളനാണെന്നും വീട് ഞങ്ങളുടെ ദൃഷ്ടി പതിഞ്ഞാല്‍ തീണ്ടലുണ്ടാവുന്ന ഒരു മുതലാളിയുടെതാണെന്നും ഞാന്‍ വിശ്വസിച്ചു.'' തികച്ചും സംഘനാപരമായ നടപടിയിലൂടെ ആ സംഭവത്തെ അവസാനിപ്പിക്കാന്‍ നോക്കിയ പാര്‍ട്ടിക്ക് പിന്നീട് അകത്തും പുറത്തുമായി ഇത്തരം ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നു. എം പി പരമേശ്വരന്‍ ഉയര്‍ത്തിയ നാലാം ലോക വാദവും ഫാരിസ് അബൂബക്കറുമായുള്ള ബന്ധവും ഒക്കെ ഉയര്‍ത്തിയ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കേരളീയ സമൂഹത്തില്‍  സി പി ഐ എമ്മിനെതിരായ പൊതു ബോധം രൂപപ്പെടുത്തി. ഇതാകട്ടെ  സി പി ഐ എം വലതുപക്ഷ വല്‍ക്കരിക്കപ്പെട്ടിരിക്കുകയും കമ്മ്യൂണിസ്റ്റു പാര്‍ടി അല്ലാതായിത്തീരുകയും  ചെയ്തതാണ്. ടി പി യുടെ വധത്തിനു ശേഷം ജനങ്ങളും പാര്‍ടിയും തമ്മിലുള്ള വൈരുധ്യം മൂര്‍ഛിച്ച ഘട്ടത്തില്‍ ആണ് വി എസ്, ആര്‍ എം പി യുടെ രൂപീകരണത്തെ 64 ലെ പിളര്‍പ്പിനോടും ടി പി ധീരനായ കമ്മ്യൂണിസ്റ്റെന്നും പ്രസ്താവിക്കുന്നത്. ഇതിനു മറുപടി പറയാന്‍ കഴിയാത്ത വിധം  സി പി ഐ എം പ്രതിരോധത്തിലായിരിക്കുന്നു.

ഇതിനെ രാഷ്ട്രീയമായി വിശദീകരിക്കാന്‍ കഴിയാത്തതിനാലാണ് ചന്ദ്രശേഖരന്‍ സ്ഥാന മോഹിയാണെന്നും ആര്‍ എം പിയ്ക്ക് പ്രത്യയശാസ്ത്ര അടിത്തറയില്ലെന്നും സി പി ഐ എമ്മിനു വിശദീകരിക്കേണ്ടിവരുന്നത്. ആര്‍ എം പിയുടെ സമ്മേളനത്തില്‍ പാസാക്കപ്പെട്ട പ്രമേയങ്ങളും ചന്ദ്രശേഖരന്റെ ലേഖനങ്ങളും ഇടപെട്ട സമരങ്ങളും അവര്‍ക്ക് അറിയാത്തത് കൊണ്ടല്ല.   സി പി ഐ എം നേതൃത്വത്തിനെതിരെ അന്വേഷണം നീങ്ങുമ്പോള്‍ നേതാക്കളെ അറസ്റ്റുചെയ്താല്‍ പാര്‍ട്ടി തീപ്പന്തമാകുമെന്നും പാര്‍ട്ടി ഓഫീസുകളെ പരിശോധനയ്ക്ക്  വിധേയമാക്കിയാല്‍  കോണ്‍ഗ്രസ് ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും   സി പി ഐ എം നേതൃത്വം വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ വെല്ലുവിളി ചുങ്ക        പാതയ്‌ക്കെതിരെ ഉയര്‍ത്താനും ടോള്‍ പിരിവു കേന്ദ്രങ്ങള്‍ ഉപരോധിക്കാനും   സി പി ഐ എമ്മിനു കഴിയുമോ? അംഗങ്ങളും അനുഭാവികളുമായി ലക്ഷക്കണക്കിനാളുകള്‍ ഉണ്ടായിട്ടും സമരോത്സുകമായൊരു ജനതയെ അതില്‍ നിന്നും വിലക്കിയിരിക്കുന്നത്   സി പി ഐ എമ്മിന്റെ അരാഷ്ട്രീയതയാണ്.

ഇനി ടി പി വധത്തിന്റെ അന്വേഷണത്തെ സി പി ഐ എം വെല്ലുവിളിക്കുന്നത് നോക്കാം. സാമൂഹികമായി ഒറ്റപ്പെട്ട  സി പി ഐ എം അണികളെ ഒപ്പം നിര്‍ത്താന്‍ പുതിയൊരു സമ്മര്‍ദ്ദ തന്ത്രം മെനയുകയാണ്. കണ്ണൂരിലെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി കേസ് അന്വേഷണത്തെ അട്ടി മറിക്കാന്‍ കഴിയും എന്നാണു  സി പി ഐ എം കരുതുന്നത്. എന്നാല്‍ യു ഡി എഫ്, എല്‍ ഡി എഫ് മുന്നണികളുടെ ചക്കളത്തിപോരാട്ടങ്ങള്‍ക്ക് വിട്ടു കൊടുക്കാതെ ടി പിയുടെ രക്തസാക്ഷിത്വത്തെ ജനകീയ പൊതു ബോധം, ഈ മുന്നണികളെ വെല്ലു വിളിക്കുന്നുണ്ട്. ഇതിനെ മുന്നോട്ടു കൊണ്ട് പോകണമെങ്കില്‍ ഈ ജനകീയ പൊതുബോധത്തില്‍ നിന്നും ടി പി ഉയര്‍ത്തിയ രാഷ്ട്രീയത്തെ ഒരു പടി കൂടി ഉയര്‍ത്താന്‍ പുരോഗമന ജനാധിപത്യ ശക്തികള്‍ക്ക്  കഴിയണം. മാനവികതയുടെയും  സ്വാതന്ത്ര്യത്തിന്റെയും സന്ദേശം ആണ് ടി പിയുടെ രക്തസാക്ഷിത്വം ഉയര്‍ത്തിയത്. ചൂഷണ രഹിതമായ, വ്യക്തിതാല്‍പര്യങ്ങള്‍ക്കതീതമായ മാനവികത ഉയര്‍ത്തിപ്പിടിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കേ സാധ്യമാവൂ. അങ്ങനെ ധീരനായ കമ്മ്യൂണിസ്റ്റായി, 'സ്വാതന്ത്ര്യമെന്നാല്‍ നിര്‍ഭയമായ ജീവിതം ആണെന്ന് ടി പി ജീവിതം കൊണ്ട് അടിവരയിടുന്നു'

No comments:

Post a Comment