Tuesday, May 14, 2013

ഞങ്ങള്‍ ചെയ്തതെന്ത്?


 (വി.കെ. സുരേഷുമായി ദീര്‍ഘ സംഭാഷണം)
ന്ന് പലപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന ഒരു കാര്യമുണ്ട്. നില നില്‍ക്കുന്ന ഇടതുപക്ഷമാണ് ഇടതുപക്ഷം, അല്ലാത്തവ സാങ്കല്‍പ്പികം മാത്രം. നിലനില്‍ക്കുന്ന ഇടതുപക്ഷത്തെ തളര്‍ത്തുന്നത് വലതുപക്ഷം വളരുന്നതിനും വര്‍ഗ്ഗീയ ശക്തികള്‍ ശക്തിപ്രാപിക്കുന്നതിനും ഇടയാക്കും. എന്നാല്‍ ഈ വാദഗതികള്‍ക്ക് ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ എത്രമാത്രം നേരുണ്ട് എന്നത് ചരിത്രപരവും പ്രത്യയശാസ്ത്രപരവുമായ ഒരു ചോദ്യമാണ്. സഖാവ് ടിപി ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്റെ പ്രവര്‍ത്തനത്തിനിടയിലാണ് രക്തസാക്ഷിത്വം വരിച്ചത്. ഇന്ന് ടി.പി.യുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അദ്ദേഹത്തിന്റെ ഘാതകര്‍ ശ്രമിച്ചുകൊണ്ടുമിരിക്കുന്നു. ഈ ഒരു പശ്ചാത്തലത്തില്‍ സഖാവ് സഞ്ചരിച്ച വഴികളെ കുറിച്ച്, ജീവന്‍ നല്‍കിയ രാഷ്ട്രീയത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതത്യാവശ്യമാണ്. അത്തരത്തിലുള്ള ഒരു ശ്രമമാണ് സഖാവ് ടി.പിയുടെ സഹസഖാവായിരുന്ന വി.കെ.സുരേഷ് നമ്മോട് പങ്കുവെയ്ക്കുന്നത്.

 
1



ഏറാമല പഞ്ചായത്തിലെ നെല്ലാചെരിയിലാണ് ചന്ദ്രശേഖരന്റെ ജനനം, അമ്മ അധ്യാപിക, ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തകനായി, ഒഞ്ചിയത്തിന്റെ സവിശേഷമായ ചരിത്രത്തില്‍ നിന്നാണ് ചന്ദ്രശേഖരന്‍ എന്ന വിപ്ലവകാരി ഉണ്ടായത്. ഒഞ്ചിയത്ത് 1948ല്‍ നടന്ന വെടിവെയ്പ്പില്‍ എട്ടുപേര്‍ അവിടെ രക്തസാക്ഷികള്‍ ആവുകയും രണ്ടുപേര്‍ പോലീസിന്റെ ക്രൂരമര്‍ദ്ദനത്തില്‍  കൊല്ലപ്പെടുകയുമാണുണ്ടായത്. അവരുടെയൊക്കെ ചരിത്രവും പൈതൃകവും ഒക്കെ ഏറ്റു വാങ്ങാന്‍ കഴിഞ്ഞ ഒരാള്‍ ആണ് ചന്ദ്രശേഖരന്‍. പഠിച്ചത് തട്ടോളിക്കര സ്‌കൂളിലും പിന്നീട് മടപ്പള്ളി ഗവ.സ്‌കൂളിലും ആണ്. അവിടെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആയിരുന്നു. അടിയന്തരാവസ്ഥാകാലം, നല്ല വിദ്യാര്‍ത്ഥിയും നല്ല കമ്മ്യൂണിസ്റ്റ്   പോരാളിയുമായിരുന്നു ചന്ദ്രശേഖരന്‍. പഠിക്കുന്ന കാലത്ത് അദ്ദേഹം കണക്കിന് നല്ല മാര്‍ക്ക് വാങ്ങിയിരുന്ന വിദ്യാര്‍ത്ഥികളില്‍ ഒരാള്‍. പിന്നീട് മടപ്പള്ളി കോളജില്‍ ആയപ്പോഴും ഇഷ്ടവിഷയമായ ഫിസിക്‌സ് ആണ് എടുത്തത്. ആ കാലത്ത് നാട്ടിലെ വായനശാല പ്രവര്‍ത്തനങ്ങളിലും മറ്റു പൊതുപ്രവര്‍ത്തനങ്ങളിലുമൊക്കെ സജീവമായി അദ്ദേഹം ഉണ്ടായിരുന്നു. ആ കാലത്തിലെ വിദ്യാര്‍ത്ഥി പ്രവര്‍ത്തനം പൊതു പ്രവര്‍ത്തനം തന്നെയായിരുന്നു. മടപ്പള്ളി ഏരിയ  സെക്രട്ടറി ആയിരുന്നപ്പോള്‍  ക്രൂരമായ മര്‍ദ്ദനത്തിനു വിധേയമായി. പിന്നീട് പ്രവര്‍ത്തനം കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു.

കേരളത്തില്‍ അറിയപ്പെടുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥി പോരാളികള്‍ സി പി ജോണ്‍, കെ എം മോഹന്‍ ദാസ,്‌ഡേവിസന്‍, ദാമോദരന്‍, മത്തായി ചാക്കോ തുടങ്ങിയ ഒരുപാട് ആളുകള്‍ ആ ഘട്ടത്തില്‍ വളര്‍ന്നു വന്നിട്ടുണ്ടായിരുന്നു. ജോണ്‍ പറയാറുണ്ട്, ജോണിന്റെ വലിയ ശരീരത്തിനടുത്ത് ചിന്ത കൊണ്ടും ധീരത കൊണ്ടും ഒക്കെ വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ തന്നെ ചന്ദ്രശേഖരന്‍ അടുത്ത് നിന്നിരുന്നു എന്ന്. എന്നും ധീരതയെ ഇഷ്ടപ്പെടുകയും പ്രണയിക്കുകയും ചെയ്തിരുന്നു ചന്ദ്രശേഖരന്‍. കോഴിക്കോട് ജില്ലയില്‍ ഒരുപാട് വിദ്യാര്‍ഥി സമരങ്ങളില്‍ പങ്കെടുത്ത്  നാലോ അഞ്ചോ തവണ ജയിലില്‍ കിടന്നിട്ടുണ്ട്. കുറച്ചു കൂടി കഴിയുമ്പോള്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്ന് മാറുന്നുണ്ട് ടി.പി. ഈ കാലഘട്ടത്തില്‍ ചന്ദ്രശേഖരന്‍ ആയിരുന്നു എസ്.എഫ്.ഐ കുട്ടികള്‍ക്ക് മാര്‍ക്‌സിസം പഠിപ്പിക്കുന്നതിന് വേണ്ട കരിക്കുലം തയ്യാറാക്കിയതില്‍ പ്രധാനി, കാരണം ചന്ദ്രശേഖരന്‍ മാര്‍ക്‌സിസം നന്നായി പഠിച്ചിരുന്നു. എങ്ങനെ ഭംഗിയായി അത് പ്രയോഗിക്കാം എന്ന് മനസിലാക്കുകയും ഇടപെടുകയും ചെയ്തിരുന്നു.

പാര്‍ട്ടി ആവശ്യപ്പെട്ടതിന്റെ  ഭാഗമായി  ചന്ദ്രശേഖരന്‍ പിന്നീട് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്നും പിരിയുകയും നേരെ ഏറാമല പഞ്ചായത്തിലെ ഡി.വൈ.എഫ്.ഐലേക്ക് വരുകയും ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ആവുകയും ബ്ലോക്ക് കമ്മിറ്റിയില്‍ വന്നു ബ്ലോക്ക് ഭാരവാഹിയായി, പിന്നെ ബ്ലോക്ക് പ്രസിഡന്റ് ആവുകയും ചെയ്തു ആ സമയത്താണ് ജില്ലാ കമ്മിറ്റിയില്‍ വരുന്നത്. ബ്ലോക്ക് സെക്രട്ടറിയായി  ജില്ലാ ജോയിന്റ് സെക്രട്ടറി ആയി സംസ്ഥാന  കമ്മിറ്റി വരെ എത്തപ്പെടുന്ന ഒരവസ്ഥയുണ്ടായി. ചന്ദ്രശേഖരന്റെ കാലത്താണ് ഡി.വൈ.എഫ്.ഐയുടെ ജില്ല കമ്മിറ്റി ഓഫിസ് ഇന്ന് കാണുന്ന രൂപത്തില്‍ മാറിയത്.മണ്ടോടി കണ്ണന്‍ സ്മാരകം ടി.പി. കൂടി പണിയെടുത്തു നിര്‍മിച്ചതാണ്. പ്രവൃത്തി നിങ്ങള്‍ നടത്തണം എന്ന് ആഹ്വാനം ചെയ്യുന്ന നേതാവ് മാത്രമല്ല അതോടൊപ്പം തന്റെ സഹസഖാക്കള്‍ക്കൊപ്പം  നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു വിപ്ലവകാരി ആയിരുന്നു അദ്ദേഹം. സഹപ്രവര്‍ത്തകരോട് ഒത്തുപ്രവര്‍ത്തിക്കുകയും അവരെ നേതൃത്വത്തിലേക്ക് കൊണ്ട് വരികയും ചെയ്തിരുന്നു ടി.പി.

നാട്ടിലെ ഓരോ വീടുകളിലേയും വിശേഷങ്ങളില്‍ അദ്ദേഹം എത്തിയിരുന്നു. വിവാഹം പോലുള്ള ചടങ്ങുകളില്‍ ദിവസങ്ങള്‍ക്കു മുന്‍പേ എത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും മുന്നില്‍ നിന്ന് നടത്തുകയും ചെയ്തിരുന്നു. കല്യാണ വീടുകളില്‍ പാചകം മുതല്‍ കാര്‍മികത്വം വരെ എത്തി നിന്നിരുന്നു ആ സാന്നിധ്യം. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വിവാഹം എങ്ങനെയായിരിക്കണം എന്ന് തന്റെ വിവാഹത്തിലൂടെ അദ്ദേഹം തെളിയിച്ചു.

ഫെമിനിസം പറയുന്ന പുരുഷന്മാരുണ്ട്. തന്റെ കൂടെ ജീവിക്കുന്ന, സഹശയനം നടത്തുന്ന, ഏറ്റവും വലിയ കൂട്ടുകാരി എന്നൊക്കെ മൈക്കിലൂടെ വിളിച്ചു പറയുന്ന ആളുകള്‍ക്കിടയില്‍ ചന്ദ്രശേഖരന്‍ വ്യത്യസ്തനായിരുന്നു. രാവിലെ ഉണര്‍ന്നു ഭക്ഷണം പാകം ചെയ്തു മകനും ഭാര്യക്കും അമ്മയ്ക്കും വേണ്ട എല്ലാം ചെയ്തുവച്ച് തുടങ്ങുന്ന ഒരു ദിവസം.

സി.പി.ഐ.എമ്മിന്റെ ആക്രമണത്തിനിരയായി നാലഞ്ചു പേര്‍ മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍ കിടന്നപ്പോള്‍ എവിടെ നിന്നൊക്കെയോ കടം വാങ്ങി വിദഗ്ധ ചികില്‍സ നല്‍കുകയും ജയരാജന്‍, ജയന്‍, ഏറ്റവും അവസാനം വെട്ടു കിട്ടിയ ബാലേട്ടന്‍ ആയാലും ദാമോദരന്‍ ആയാലും കാലിനു വെട്ടുകിട്ടിയ സിനീഷ് ആയാലും അവരെയൊക്കെയും  ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് ടി.പി. ആയിരുന്നു. മാത്രമല്ല ഓര്‍ക്കാട്ടെരിയിലെ ലാലു എന്ന ചെറുപ്പക്കാരന് ലിവറിനു അസുഖം ബാധിച്ചു കിടന്നപ്പോള്‍ ഡോക്ടര്‍മാര്‍വരെ രക്ഷയില്ലെന്നു പറഞ്ഞിട്ടും ലക്ഷക്കണക്കിന് രൂപ സംഘടിപ്പിച്ച് മിംസ് ആശുപത്രിയില്‍ കൊണ്ടുപോയി ഉറക്കം ഒഴിഞ്ഞു ശുശ്രൂഷിച്ചതും ചന്ദ്രശേഖരന്‍ ആയിരുന്നു. അങ്ങനെയൊക്കെ ഒരു മാര്‍ക്‌സിസ്റ്റിനു പറ്റാവുന്ന രീതിയില്‍ ചന്ദ്രശേഖരന്‍ തന്റെ ജീവിതം കൊണ്ടു പ്രവര്‍ത്തിച്ചിരുന്നു.


2

ചന്ദ്രശേഖരന്‍ ഒഞ്ചിയം സി.പി.ഐ.എം ഏരിയ കമ്മറ്റി മെമ്പര്‍ ആയിരുന്നു. ഏറെ കാലം ഏറാമല ലോക്കല്‍ സെക്രട്ടറി ആയിരുന്നു. ചന്ദ്രശേഖരനുള്ള കാലത്താണ് ഏറാമല പഞ്ചായത്ത് ജനതാദളില്‍ നിന്നും എറ്റെടുക്കുന്നത്. ജനതാദളിന്റെ ഈ കുത്തക, പഴയ സോഷ്യലിസ്റ്റ് മാടമ്പിത്തരത്തിനു എതിരായി പുതിയ ഒരു മൂവ്‌മെന്റ് എന്ന നിലയില്‍ സി.പി.ഐ.എം വളര്‍ന്നു വരികയും അതിന്റെ നേതൃസ്ഥാനത്ത് സി.പി.ഐ.എം ഇരിക്കുന്ന സമയത്താണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എം ഒറ്റയ്ക്ക് ഏറാമല പഞ്ചായത്ത് നേടുന്നത്. ഒഞ്ചിയത്ത് സി.പി.ഐ.എമ്മിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച പോരാളിയാണ് ചന്ദ്രശേഖരന്‍. ഏതു പ്രതിസന്ധിഘട്ടം ഉണ്ടായാല്‍ പോലും മറ്റേതൊരു നേതാവിനെക്കാളും നന്നായി ഇടപെടാന്‍ ചന്ദ്രശേഖരന് കഴിഞ്ഞു. ഒരു പ്രത്യയശാസ്ത്രത്തില്‍ വെള്ളം ചേര്‍ത്ത് ആരെങ്കിലും ഇടപെടുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ മുഖം നോക്കാതെ പ്രതികരിക്കാന്‍ ചന്ദ്രശേഖരന് കഴിഞ്ഞിരുന്നു. തന്റേടിയായ കമ്മ്യൂണിസ്റ്റായിരുന്നു ചന്ദ്രശേഖരന്‍. ഒഞ്ചിയത്തെ സി.പി.ഐ.എമ്മിന്റെ നേതാക്കളൊക്കെ കുറ്റകരമായ, സാമ്പത്തിക അനാസ്ഥ കാണിച്ച സന്ദര്‍ഭങ്ങളില്‍ ഒക്കെയും ശക്തിയുക്തം ചോദ്യം ചെയ്ത ആളാണ് ചന്ദ്രശേഖരന്‍. ഒഞ്ചിയത്ത് രക്തസാക്ഷിത്വത്തിന്റെ അമ്പതാംവാര്‍ഷികം ആചരിക്കുന്ന സമയത്ത് ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്ത കണക്കു ചോദിച്ചതിനു ചന്ദ്രശേഖരനോട് പാര്‍ട്ടിയുടെ ഔദ്യോഗിക പാര്‍ട്ടി നേതൃത്വത്തിന് നീരസം ഉണ്ടായിരുന്നു. അവിടെ സ്തൂപം നിര്‍മിച്ചതിന്റെ കണക്കു ഞങ്ങള്‍ പാര്‍ട്ടി വിടുന്നത് വരെ പറഞ്ഞിട്ടില്ല. കുഞ്ഞിപള്ളിയില്‍ ഐസ് പ്ലാന്റ് വരുന്നതിനെതിരായി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ സമരം നടന്നിരുന്നു .

കേവലം ഒരു പഞ്ചായത്ത് ഇലക്ഷന്റെ പ്രശ്‌നം പറഞ്ഞുകൊണ്ടാണ് ചന്ദ്രശേഖരന്‍ പാര്‍ട്ടിക്ക് പുറത്തുവന്നതെന്നാണ് സി.പി.ഐ.എം പറയുന്നത്. യഥാര്‍ത്ഥത്തില്‍ അതല്ല സംഭവം. സി.പി.ഐ.എമ്മിന്റെ 2005ല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ പറഞ്ഞ ഒരു കാര്യം, സി.പി.ഐ.എമ്മിനു മേല്‍ക്കോയ്മ കിട്ടുന്ന പഞ്ചായത്തില്‍ മല്‍സരിച്ചു പസിഡന്റ് ആകണമെന്നത്  സംസ്ഥാന കമ്മറ്റിയുടെ തീരുമാനം ആം്. അത് രാഷ്ട്രീയ പ്രമേയം കൂടിയാണ്. ജനതാദളുമായി ചേര്‍ന്നാണ്  മല്‍സരിക്കുന്നതെങ്കിലും കൂടുതല്‍ സീറ്റ് സി.പി.ഐ.എമ്മിനു തന്നെയാണ് വേണ്ടതെന്നു പറഞ്ഞു. അവര്‍ അത് അംഗീകരിച്ചു. അങ്ങനെ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു. എന്‍ വേണു അഞ്ചു കൊല്ലം റൂറല്‍ ബാങ്കില്‍ നിന്നും ലീവ് എടുത്തു. അങ്ങനെ വേണു പ്രസിഡന്റ് ആവുകയും ചെയ്തു.

എന്നാല്‍  രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ ആണ് പഞ്ചായത്ത് ജനതാദളിനു കൈമാറണം എന്നുപറയൂന്നത്. എന്നു പറഞ്ഞാല്‍ അഴിയൂര്‍ പഞ്ചായത്ത് ഭരിച്ചിരുന്നതു ജനതാദള്‍ ആണ്. അത് സി.പി.ഐ.എം വാങ്ങുക, പകരം അവിടെ സി.പി.ഐ.എമ്മിന്റെ ഏരിയ കമ്മറ്റി അംഗം പി ശ്രീധരന്  പ്രസിഡന്റ് ആവുകയും ഏറാമല പഞ്ചായത്ത് വേണുവിനു പകരം ജനതാദളിന്റെ എം കെ ഭാസ്‌കരനോ  മറ്റു  ആര്‍ക്കെങ്കിലും കൊടുക്കുകയും ചെയ്യുക എന്ന തീരുമാനം എടുക്കണം എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഈ തീരുമാനം ആദ്യം ഉണ്ടായിരുന്നോ എന്ന് ചോദിച്ചു . തിരഞ്ഞെടുപ്പു വേളയില്‍ എല്‍.ഡി.എഫ് എന്ന പേരില്‍ തീരുമാനം എടുത്തിരുന്നില്ല . ജില്ല കമ്മറ്റി അങ്ങനൊരു തീരുമാനം എടുത്തിരുന്നില്ല. അങ്ങനെയെങ്കില്‍ വേണു അഞ്ചു വര്‍ഷം ലീവ് എടുക്കുമായിരുന്നില്ല. ചന്ദ്രശേഖരനും വേണുവും അടക്കമുള്ളവര്‍ പാര്‍ട്ടിക്കുള്ളില്‍ നടത്തിയ ആശയ പോരാട്ടത്തിനോടുള്ള  നീരസവും അസംതൃപ്തിയും അവര്‍ക്കു വളര്‍ന്നു വരുന്ന പൊതുജന സമ്മതി ഇല്ലാതാക്കുന്നതിനും സി.പി.ഐ.എം ചെയ്തു കൂട്ടിയ തന്ത്രത്തിന്റെ ഭാഗമാണ് യഥാര്‍ഥത്തില്‍ ജനതാദളിന് ഭരണം കൈമാറണം എന്ന് ആവശ്യപ്പെട്ടത്. അതൊരു ചതിയായിരുന്നു. അത് ഞങ്ങള്‍ അനുവദിക്കില്ല എന്ന് പറഞ്ഞു. കാരണം മുന്നണി ബന്ധം പാലിച്ചിട്ട് ഇത് കൊടുക്കണം എന്ന് പറയുന്ന ആളുകള്‍ ആണ് എങ്കില്‍ കോഴിക്കോട്  ലോകസഭ മണ്ഡലത്തില്‍ അന്ന് എം പി വീരേന്ദ്ര കുമാറിനെ പുറത്താക്കാന്‍ പാടില്ലായിരുന്നു  . മുന്നണി മര്യാദ പാലിക്കുന്നവര്‍ ആണെങ്കില്‍ അവിടെന്താ മുന്നണി മര്യാദ പാലിക്കാതിരുന്നത്? ഏറാമല പഞ്ചായത്തില്‍ മാത്രം മുന്നണി മര്യാദ എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തില്‍ ആണ്? ഇനി സി.പി.ഐ.എമ്മിന്റെ ഏതെങ്കിലും ഒരു കമ്മറ്റി ഈ തീരുമാനം എടുത്തിട്ടുണ്ടോ? ഇല്ല. ഇവര്‍ ചെയ്തതെന്താണ് സി.പി.എമ്മിന്റെ ഒഞ്ചിയം ഏരിയ കമ്മറ്റി കോഴിക്കോട് ഏരിയ കമ്മറ്റി ഓഫിസില്‍ വിളിച്ചു ചേര്‍ത്താണ് ഈ തീരുമാനം ഉണ്ടാകുന്നത്. ആ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് സി.പി.ഐ.എമ്മിന്റെ ഏറാമല പഞ്ചായത്തിലെ രണ്ടു ലോക്കല്‍ കമ്മറ്റികള്‍, കുന്നുമ്മക്കരയും ഓര്‍ക്കാട്ടെരിയും, ഇത് അംഗീകരിക്കില്ല എന്ന് പ്രഖ്യാപിച്ചു. മാത്രമല്ല 25 ബ്രാഞ്ചും ഏകകണ്ഠമായി ഇവരുടെ തീരുമാനം തള്ളി. എന്നിട്ടും സി.പി.ഐ.എം ഏരിയ നേതൃത്വമോ ജില്ല നേതൃത്വമോ സംസ്ഥാന നേതൃത്വമോ ക്രിയാത്മകമായ നടപടികള്‍ എടുക്കാത്തതു കൊണ്ടാണ്  അന്ന് ചന്ദ്രശേഖരനും കൂടെ നിന്ന സഖാക്കളും പാര്‍ട്ടി വിടുന്നത്. ഇതാണ് പാര്‍ട്ടി വിടാന്‍ കാരണം.


3

ഇതൊരു വസ്തുനിഷ്ഠ സാഹചര്യം മാത്രമായിരുന്നു. ഒരു കമ്മ്യൂണിസ്റ്റിനെ സംബന്ധിച്ചിടത്തോളം ആത്മനിഷ്ഠ സാഹചര്യവും പ്രധാനമാണ്. രണ്ടും ഒരുമിച്ചു ചേരുമ്പോഴേ ഒരു പുതിയ രാഷ്ട്രീയ സാഹചര്യം രൂപപ്പെടുകയുള്ളൂ. ആത്മനിഷ്ഠമായി ഒരുപാട് കാലങ്ങളായി അനുഭവിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ട്. ഒഞ്ചിയം സമ്മേളന കാലത്തൊക്കെ ഒറ്റ   തിരിഞ്ഞു വിഭാഗീയക്കാരാണെന്ന് ഞങ്ങളെയൊക്കെ മുദ്ര കുത്തുന്നതിനു വേണ്ടിയും സമ്മേളനത്തില്‍ നിന്ന് പുറത്താക്കുന്നതിനു വേണ്ടിയും തന്നിഷ്ട്ടക്കാരെ പാര്‍ട്ടിയില്‍ കൊണ്ട് വരുന്നതിനു വേണ്ടിയുമുള്ള ബോധപൂര്‍വമായ ഇടപെടലുകള്‍ സി.പി.ഐ.എം ഔദ്യോഗിക നേതൃത്വത്തില്‍ നിന്നുണ്ടായിരുന്നു. അതേ തുടര്‍ന്നാണ് ചന്ദ്രശേഖരന്‍ സമ്മേളനത്തില്‍ തോല്‍പ്പിക്കപ്പെടുന്നത്. പിന്നീട് പാര്‍ട്ടിയിലേക്ക് വരികയാണുണ്ടായത്. ഒരു സമയത്ത് ഇല്ലാകഥകള്‍ മെനഞ്ഞു ചന്ദ്രശേഖരന്റെ സംഘടനാ ശേഷിയെ ചോര്‍ത്തിക്കളയാന്‍ ഇവര്‍ തീരുമാനിച്ചു. അന്ന് ചന്ദ്രശേഖരന്‍ ഡി.വൈ.എഫ്.ഐയുടെ ജില്ല സെക്രട്ടറി ആയിരുന്നു. ഇതിനൊക്കെയെതിരായി ഞാനുള്‍പ്പെടെ ഉള്ളവര്‍ ഉള്‍പ്പാര്‍ട്ടി സമരം നടത്തിയിരുന്നു . അതിനെ തുടര്‍ന്നാണ് ഞങ്ങള്‍ റെവലുഷണറി പാര്‍ട്ടി രൂപീകരിക്കുന്നത് .

ഇത് മാത്രമല്ല 1964ലെ പാര്‍ട്ടി പരിപാടി  2000 ല്‍ ഭേദഗതി ചെയ്തു, ഇത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല എന്ന് പാര്‍ട്ടി ഫോറങ്ങളില്‍ പറഞ്ഞു. മൂന്നു കാര്യങ്ങള്‍ ആണ് അതില്‍ ഉണ്ടായിരുന്നത്, ജന്മിത്തം അവസാനിപ്പിക്കും എന്ന് 1964 ലെ പാര്‍ട്ടി  പരിപാടിയില്‍ ഉണ്ടായിരുന്നു, 2000ല്‍ ആ പദപ്രയോഗം തന്നെ എടുത്തു കളഞ്ഞു . രണ്ടാമത് , വിദേശ ഫിനാന്‍സ് മൂലധനം കണ്ടുകെട്ടും എന്നായിരുന്നെങ്കില്‍ 2002ല്‍ അത് വിദേശ മൂലധനം ഉപയോഗിച്ച് കൊണ്ട് വികസന പ്രവര്‍ത്തനം നടത്തും എന്നായി മാറി. മൂന്നാമത്തെ കാര്യം വിദ്യാഭ്യാസം പൊതു ഉടമസ്ഥതയിലാക്കും എന്നത് മാറി 2000ല്‍ ആയപ്പോള്‍ വിദ്യാഭ്യാസം സ്വകാര്യ പങ്കാളിത്തത്തോടെ ആക്കും എന്നാക്കി മാറ്റി. ഇത് മൂന്നും ഇല്ലാതായപ്പോള്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായി തീരുന്നതിനുള്ള കാരണം ആയിമാറി. കമ്മൂണിസ്റ്റ് പാര്‍ട്ടി നിറവും മണവും ഗുണവും ഇല്ലാത്ത ഒന്നായി മാറി . ഒരു സോഷ്യല്‍ ഡെമോക്രാറ്റ് കൊടി പിടിച്ചാല്‍ അതാണ് നല്ലത്. അതിനെക്കാള്‍ തരംതാണ അവസ്ഥയിലേക്ക്, വലതുപക്ഷത്തേക്ക് പോയിക്കൊണ്ടിരിക്കുമ്പോള്‍ ആണ്, പ്രത്യേകിച്ച് പിണറായി വിജയനെ പോലെയുള്ള, കോടിയേരി ബാലകൃഷ്ണനെ പോലെയുള്ള, എളമരം കരിമിനെ പോലെയുള്ള   നവനേതാക്കള്‍, ജയരാജനെപ്പോലെ ഉള്ള മാടമ്പികള്‍  സി.പി.ഐ.എം കൈയ്യടക്കാന്‍ നിന്നപ്പോള്‍ ആണ് ഞങ്ങള്‍ സി.പി.ഐ. എമ്മില്‍ നിന്നും പുറത്തേക്ക് വന്നത്. അങ്ങനെയാണ് മാര്‍ക്‌സിസ്റ്റ് റെവലൂഷനറി പാര്‍ട്ടി രൂപീകരിക്കുന്നത്.


4


റെവലൂഷനറി പാര്‍ട്ടി രൂപീകരിക്കുന്ന സമയത്ത് ആളുകളുടെ ചോദ്യം ഇങ്ങനെയായിരുന്നു, ഇതിന്റെ ഭാവി എന്താണ് എന്ന്. ഭാവി രാഷ്ട്രീയം റെവലൂഷനറിയുടേത് തന്നെയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇതിനു ഞങ്ങള്‍ പറയുന്ന ഒരു ന്യായം കേരളത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആദ്യ ഗ്രൂപ്പ് ഉണ്ടാക്കുന്നത് കോഴിക്കോട് വച്ചാണ്. കോഴിക്കോട് ചെറുവണ്ണൂര്‍ ഒരു പീടികയുടെ മുകളില്‍ സഖാക്കള്‍ പി. കൃഷ്ണപിള്ളയും കെ ദാമോദരനും ഇ എം എസ്, എന്‍ സി ശേഖര്‍ എന്നിവര്‍ ആണ് ഒരു കൊച്ചു ഗ്രൂപ്പുണ്ടാക്കുന്നത്. അന്നവരോടും ചോദിച്ചിരുന്നു. അന്നവരുടെ കൂടെ അണികള്‍ അല്ലാതെ ആരും ഉണ്ടായിരുന്നില്ല. ആ പാര്‍ട്ടി ആണ് ഏറ്റവും വലിയ കമ്മൂണിസ്റ്റ് പാര്‍ട്ടി ആയത്. ആ ചരിത്രം നമുക്ക് മുന്നില്‍ ഉണ്ട് . പക്ഷേ ഇന്ന് സി.പി.ഐ.എം വലതു പക്ഷവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ആഗോളവല്‍ക്കരണ കാലത്ത് മാര്‍ക്‌സിസം പ്രയോഗിക്കുന്നത് പുതിയ രീതിയില്‍ ആയിരിക്കണം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച നമ്മുടെ മുന്നില്‍ ഉണ്ട്. കിഴക്കന്‍ യൂറോപ്യന്‍ നാടുകളുടെ തകര്‍ച്ച നമ്മുടെ മുന്നിലുണ്ട്. ഈ തകര്‍ച്ചയില്‍ നിന്നും ഒരു പുതിയൊരു പാഠം ലോകത്തെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ പഠിക്കണം .പുതിയ രീതില്‍ ഉള്ള ജനാധിപത്യ വികസനത്തിന്റെ സാമൂഹികക്രമം നമുക്ക് രൂപപ്പെടുത്താന്‍ കഴിയണം. അതിനു മാര്‍ക്‌സിസത്തില്‍ അങ്ങേയറ്റം  ജനാധിപത്യവല്‍ക്കരണവും, എന്നാല്‍ തന്നെ ഈ പൊരുതുന്ന വിപ്ലവ പ്രവര്‍ത്തനത്തിന്റെ ഒരു കണ്ടെന്റും ഉണ്ടാവണം. ഇത് രണ്ടും എങ്ങനെ കൂട്ടി യോജിപ്പിച്ച് കൊണ്ട് പോകാം എന്നുള്ളതാണ് ലോകത്തെ മാര്‍ക്‌സിസ്റ്റുകള്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നം. ഇത് ഞങ്ങള്‍ പരിശോധിക്കുന്നു. സി.പി.ഐ.എം പോലെയുള്ള ഒരു പ്രസ്ഥാനത്തില്‍ നിന്നും വരുന്ന ഞങ്ങള്‍ക്ക് അതിന്റെ ഒരുപാട് അപചയങ്ങള്‍ പിടികൂടും. പൂര്‍ണമായും അതില്‍ നിന്നും മോചനം നേടി എന്ന് വരില്ല.
ഇത്തരം ഫ്രെയ്മില്‍ ചിലപ്പോള്‍ നില്‍ക്കുന്നുണ്ടാകാം. അത് തകര്‍ത്തു മറ്റൊരു പരീക്ഷണത്തിനായുള്ള ശ്രമങ്ങള്‍ ആണ് ഞങ്ങള്‍ നടത്തികൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഒഞ്ചിയത്തെ റെവലൂഷനറി പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അതിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഇടതുപക്ഷ ഏകോപന സമിതി, മാവൂരിലെ ഒരു പാര്‍ട്ടി, തളിക്കുളത്തെ പാര്‍ട്ടി , ഷൊര്‍ണൂരിലെ മൂവ്‌മെന്റ്, മുരളിയെ ഇതുമായി കണ്ണി ചേര്‍ക്കുന്നില്ല, കാരണം മുരളി യു.ഡി.എഫിന്റെ ഭാഗമായി നില്‍ക്കുകയാണ്. ആ നിലപാടുമായി ഞങ്ങള്‍ക്ക് യോജിപ്പില്ല. മറ്റു മേഖലയിലുള്ള, നിരവധി ഗ്രൂപ്പുകള്‍ ഉണ്ട്, അവരെല്ലാം വ്യത്യസ്ത സമരമുഖങ്ങളില്‍ സജീവമാണ്. അതായത് പാലിയേക്കരയുള്ള ടോള്‍ വിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നവര്‍, വികസനവുമായി ബന്ധപ്പെട്ടു ആളുകള്‍ കുടിയിറക്കപ്പെടുന്ന സമയത്ത്, വിളപ്പില്‍ശാല മാലിന്യസമരവുമായി ബന്ധപ്പെട്ടുകൊണ്ട്, ഞെളിയന്‍ പറമ്പില്‍ , മാവൂരിലെ നോളെഡ്ജ് പാര്‍ക്കിന്റെ വിഷയത്തില്‍ അങ്ങനെ വ്യത്യസ്തമായ വിഷയത്തില്‍ ഇടപെടുന്ന   ഒരുപാട് സമിതികള്‍ ഉണ്ട്. ജനകീയ സമരങ്ങളുമായി ഐക്യപ്പെടുന്ന ഒരുപാട് കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ഉണ്ട്. അവരുമായി യോജിച്ചു കൊണ്ട് സംഘടിച്ചുകൊണ്ട് ഒരു ഏകീകരണ പാര്‍ട്ടിയായി മുന്നോട്ടു പോകാനുള്ള ചെറിയ ശ്രമങ്ങള്‍ ഞങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

അഖിലേന്ത്യതലത്തില്‍ വിവിധ കമ്മ്യൂണിസ്റ്റു ഗ്രൂപ്പുകാരുമായി ഞങ്ങള്‍ ബന്ധങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ബീഹാറിലും ഡല്‍ഹിയിലും ഉള്ള ലിബറേഷനുമായിട്ട് രണ്ടു മൂന്നു തവണ യോഗം ചേര്‍ന്നിട്ടുണ്ട് . അഖിലേന്ത്യ ഇടതുപക്ഷ കോ-ഓര്‍ഡിനേഷനുമായി പലയിടത്തുവച്ചും യോഗം ചേര്‍ന്നിട്ടുണ്ട്. സമരമുന്നണി രൂപീകരിക്കുന്നതിനായി ജലന്ധറില്‍, മഹാരാഷ്ട്രയില്‍, ചെന്നൈയില്‍, പോണ്ടിച്ചേരിയില്‍ എന്നിവിടങ്ങളില്‍ ഒക്കെ  മീറ്റിങ് കൂടിയിരുന്നു. ലിബറേഷന്‍, മഹാരാഷ്ട്രയിലെ ലാല്‍ നിഷാന്‍ പാര്‍ട്ടി, ബംഗാളിലെ മിഡ്‌നാപ്പൂരിലെ ഒരു കമ്മ്യൂണിസ്റ്റു ഗ്രൂപ്പുമായി, മഹാരാഷ്ട്രയിലെ ഗോദാവരി പരിലെക്കര്‍ മഞ്ച്, പഞ്ചാബ് സി.പി.എം എന്നീ ഗ്രൂപ്പുകളുമായൊക്കെ  ചേര്‍ന്ന് ഉള്ള അനുഭവത്തില്‍ നിന്നും ഒരു പുതിയ ഇടതുബദല്‍ എങ്ങനെ ഇന്ത്യയില്‍ മുന്നോട്ടു വെക്കാം എന്നാണു ഞങ്ങള്‍ നോക്കുന്നത് .

വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഇടതുപക്ഷം എന്ന് പറയുന്ന ചില ആളുകളും പാര്‍ലമെന്റില്‍ എം.പിമാരുടെ ശമ്പളവര്‍ധനവിനും മറ്റും ഏകീകരിച്ച നിലപാട് ആണ് എടുക്കുന്നത്. കോണ്‍ഗ്രസുമായി ഐക്യപ്പെട്ടു കൊണ്ടാണ് മുന്നേറുന്നത്. ഇന്ത്യയില്‍ അടിസ്ഥാന വര്‍ഗങ്ങള്‍ക്ക് എന്ത് നേട്ടമാണ് ഉണ്ടാക്കാന്‍ കഴിയുന്നത് എന്നാണു നോക്കേണ്ടത്. വനിതാസംവരണ ബില്‍, അഴിമതി വിരുദ്ധ ബില്‍ എന്നിവയിലൊന്നും കപട ഇടതുപക്ഷത്തിനു ഒരു നിലപാടെടുക്കാന്‍ കഴിയുന്നില്ല . മുതലാളിത്തവുമായി സന്ധി ചെയ്യുന്ന ഈ സാമൂഹികക്രമത്തില്‍ ഒരു നവ ഇടതുപക്ഷം ഉണ്ടാവേണ്ടതും അവര്‍ക്ക് പാര്‍ലമെന്റില്‍ പുതിയ സാമൂഹിക വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുകയും വേണം. ഇനി പാര്‍ലമെന്റേതിര വിഷയത്തില്‍ സത്യാസന്ധരുടെയും നീതിമാന്മാരുടെയും നിലപാടാണ് കമ്മ്യൂണിസ്റ്റുകാര്‍ എടുക്കേണ്ടത് ജനകീയ സമരങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് ഇന്ന് കമ്മ്യൂണിസ്റ്റുകാര്‍ ചെയ്യുന്നത്. ഹൈവേ വികസനവുമായി ബന്ധപ്പെട്ടു ഏക കണ്ഠമായാണ് പ്രമേയം പാസാക്കിയത്, രണ്ടുദിവസം കഴിഞ്ഞു ആദ്യത്തെ വെടി പൊട്ടിച്ചത് പിണറായി വിജയന്‍ ആണ്. പിന്നീട് ആണ് അവര്‍ രാഷ്ട്രപതിയെ കാണാന്‍ പോയത്.
ഐ.ടി മേഖലയില്‍ നിരവധി ചെറുപ്പക്കാര്‍ക്കാണ് ദിനംപ്രതി ജോലി നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ ഒന്നും പാലിക്കാതെ, 8 മണിക്കൂറില്‍ അധികം, വിശ്രമമില്ലാതെ കുറഞ്ഞ കൂലിക്ക് പണിയെടുത്ത് ജീവിക്കുന്ന അസംഘടിത മേഖലയിലെ നിരവധി തൊഴിലാളികള്‍ ഉണ്ട്. ഇത്തരം മേഖലയില്‍ ഒക്കെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കായി പുതിയ സമരങ്ങളും ജനകീയപ്രക്ഷോഭങ്ങള്‍ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.

 
5

ഇനി സി.പി.ഐ.എമ്മിനെ വിമര്‍ശിച്ചാല്‍ ഇടതുപക്ഷം ഇല്ലാതാകും വലതു പക്ഷം തഴച്ചു വളരും എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഒരു മകന്‍ അച്ഛനെ കൊന്നിട്ട് അച്ഛനില്ലേ എന്നെ ആരെങ്കിലും സഹായിക്കണേ എന്ന് പറയുന്നത് പോലെയാണ്. ഇടതുപക്ഷത്തെ അവര്‍ തന്നെയാണ് ബോധപൂര്‍വ്വം ഇല്ലാതാക്കിയത്. അത് അവരുടെ അപചയം ആണ്. അത് അവര്‍ക്കറിയാം, അത് തിരുത്താന്‍ അവര്‍ക്കാകുന്നില്ല പകരം മറച്ചു പിടിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ സി.പി.ഐ.എമ്മിനെ എതിര്‍ത്താല്‍ അത് വലതുപക്ഷത്തെ സഹായിക്കും എന്ന് പറയുന്നതില്‍ വസ്തുതയില്ല. വലതുപക്ഷ വളര്‍ച്ചക്ക് തടയിടാന്‍ ഒരു പുതിയ ഇടതു ബദല്‍ ആണ് വേണ്ടത് .

വി.എസ്. അച്യുതാനന്ദന്‍ പറയുന്നത് സി.പി.ഐ.എമ്മിനകത്ത് തിരുത്താന്‍ കഴിയും എന്നാണ്. അത് ശരിയല്ല, അതൊരു ഗോത്ര വര്‍ഗ വ്യവസ്ഥയില്‍ നില്‍ക്കുന്ന പ്രസ്ഥാനമാണ്. പിണറായി വിജയന്‍ എന്ന ഗോത്ര തലവന്‍ കല്‍പ്പിക്കുന്നു, അംഗങ്ങള്‍ ഏറ്റുപറയുന്നു. ശബരിമലയില്‍ ആളുകള്‍ പോകുന്നത് പോലെയാണ് ഇന്ന് സി.പി .ഐ.എം സമ്മേളനത്തിന് ആളുകള്‍ പോകുന്നത്. കേരളത്തില്‍ ഒരു കാര്‍ണിവല്‍ വല്‍ക്കരണമാണുള്ളത്. കൊടിയേറ്റത്തിലെ ഗോവിന്ദന്‍ കുട്ടിയെ പോലെയാണ് കേരളത്തിലെ ആളുകള്‍. സി.പി.ഐ.എമ്മിന്റെ വലതുവല്‍ക്കരണം തുറന്നുകാണിച്ചുകൊണ്ട് മാത്രമേ ഒരു ഇടതുബദലിനു സാധ്യമാവുകള്ളൂ .
ലെനിനിസ്റ്റ് സംഘടനാതത്വം ലെനിനെ പോലെയുള്ള മഹാന്മാരായ ജനാധിപത്യവാദികള്‍ക്ക് മാത്രമേ പാലിക്കാന്‍ കഴിയുകയുള്ളൂ. അത്രയും മനുഷ്യസ്‌നേഹപരമായ ഒരവസ്ഥയിലേക്കു മനുഷ്യന് മാറാന്‍ കഴിയണം. പക്ഷെ ആഗോളവല്‍ക്കരണ കാലത്ത് എല്ലാം സ്വാര്‍ത്ഥതയിലേക്ക് ഒതുക്കപ്പെടുകയും ചെയ്യുന്ന കാലത്ത് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും അതിന്റെ നീരാളിപിടുത്തതിലേക്ക് പോയിരിക്കുന്നു. അതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റു സംഘടനാ തത്വങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. പാര്‍ട്ടി കെട്ടിപ്പടുക്കുന്ന സമയത്ത്, അതിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ എങ്ങനെ വിനിയോഗിക്കണം എന്നതിനെ കുറിച്ച് പുതിയ രീതിയില്‍ പുതിയ കാഴ്ചപ്പാടില്‍ അവതരിപ്പിച്ചുകൊണ്ട്. അതും ഒരു പാര്‍ട്ടി രൂപീകരണവും അതിലെ ആളുകള്‍ എടുക്കുന്ന നിലപാടിനെയുമൊക്കെ ആധാരമാക്കിയിരിക്കും. അതിന്റെ ഘടന തന്നെയാണ് അതിനെ തകര്‍ക്കുന്നത്. ഒന്നിന്റെ നാശം അതിന്റെ ഉള്ളില്‍ തന്നെയുണ്ട് എന്നത് തിരിച്ചറിഞ്ഞു കൊണ്ട് അതിനെ അതിജീവിക്കാനുള്ള പുതിയ പോംവഴികള്‍ യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റുകള്‍ കണ്ടെത്തേണ്ടതുണ്ട്. മാര്‍ക്‌സിസത്തില്‍ പുതിയ അന്വേഷണം നടത്തണം. ഒരു പുതിയ സംഘടനാ രീതി  ഉണ്ടാവണം. എന്നാല്‍ കെ. വേണു ചൂഷണത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള സാമൂഹിക പ്രക്രിയയെ കണക്കിലെടുത്ത് പരിശോധിച്ചിരുന്നില്ല. ചൂഷണം ഏറ്റവും കൂടുതല്‍ ഉള്ള ഒരു കാലത്തെ വേണു പുറത്തു നിര്‍ത്തുകയാണ് ഉണ്ടായത്.  

No comments:

Post a Comment