Tuesday, May 14, 2013

കാര്യം പറയുന്ന സ്ത്രീകളെ നിങ്ങള്‍ എന്തു ചെയ്യും സഖാവെ?



സരിത കെ വേണു
മെയ് 4ന് രാത്രി പതിനൊന്നു മണിക്കാണ് ഒരു എസ്.എം.എസ് ആയി ആ വാര്‍ത്ത എന്റെ മൊബൈല്‍ ഫോണില്‍ എത്തിയത്. റെവലൂഷണറി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു. നാളെ ഹര്‍ത്താലായിരിക്കും''. കണ്ണൂര്‍ ദേശാഭിമാനിയിലെ മാര്‍ക്കറ്റിങ് സ്റ്റാഫിന്റേതായിരുന്നു സന്ദേശം. പിറ്റേന്ന് എനിക്ക് കണ്ണൂരില്‍ പോകേണ്ടതുണ്ടായിരുന്നു. ആ സന്ദേശം മനസ്സിന് പകര്‍ന്നത് വല്ലാത്തൊരു അസ്വസ്ഥതയായിരുന്നു. പത്രവാര്‍ത്തകളില്‍ നിന്നും വായിച്ചറിഞ്ഞിരുന്നതല്ലാതെ, കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന ഒരു തിരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ പ്രസംഗിക്കുന്നത് കണ്ടിട്ടുണ്ടെന്നല്ലാതെ ടി.പി. ചന്ദ്രശേഖരനെ വ്യക്തിപരമായി അറിയില്ലായിരുന്നു. നേരം വെളുക്കാന്‍ എല്ലാവരെയും പോലെ ഞാനും കാത്തുകിടന്നു. രാവിലെ ആദ്യം കിട്ടിയ പത്രം ദേശാഭിമാനിയാണ്. ഒന്നാം പേജില്‍ കീഴ്ഭാഗത്തായി പ്രാധാന്യം കുറഞ്ഞൊരു രണ്ടു കോളം വാര്‍ത്തയില്‍ വരുംകാല കൊടുങ്കാറ്റിനെ ഞാനും വായിച്ചറിഞ്ഞു. പിന്നീടുള്ള ദിനങ്ങളും കരുതിയതുപോലെ തന്നെ പ്രക്ഷുബ്ദമായി.

''കൊല്ലാനേ കഴിയൂ, തോല്‍പ്പിക്കാനാവില്ലെ''ന്ന്, കൊലയാളികള്‍ 51 കഷ്ണമായി വെട്ടിനുറുക്കിയ തന്റെ ജീവിതസഖാവിനെക്കുറിച്ച് ഭാര്യ രമ പറഞ്ഞത് വായിച്ചപ്പോള്‍ മനസ്സിന് കൂടുതല്‍ ഊര്‍ജ്ജം കിട്ടുന്നത് പോലെ തോന്നി. ടി.പിയുടെ കൊലപാതകത്തെക്കുറിച്ച് ആദ്യമായി പ്രതികരിക്കുകയായിരുന്നു അവര്‍. ഹൃദയം പറിച്ചെടുക്കുന്ന വേദനയിലും ഇത്രയും യുക്തിയോടെയും ബോധത്തോടെയും ധൈര്യത്തോടെയും ഒരു സ്ത്രീ പറയുന്നു. തീര്‍ച്ചയായും അവര്‍ വിഭ്രാന്തിയില്‍ വിളിച്ചുപറയുന്നതല്ലെന്ന് ഈ നാട്ടില്‍ ആര്‍ക്കാണ് മനസ്സിലാകാത്തത്. എന്നാല്‍ ആ കൊലപാതകത്തെക്കാള്‍ ഞെട്ടലും ഭീതിദായകവുമായിരുന്നു സി.പി.ഐ.എം പാര്‍ട്ടി സെക്രട്ടറി സ.പിണറായി വിജയന്റെ പ്രസ്താവന. ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ത്രീയുടെ വെറും ഭ്രാന്തന്‍ ജല്പനങ്ങളാണ് സഖാവ് രമ നടത്തുന്നത്; അതിന് ചെവികൊടുക്കേണ്ടതില്ലെന്ന മട്ടിലുള്ള ന്യായങ്ങള്‍ നിരത്തിയും, തനിക്കും പാ ര്‍ട്ടിക്കും ഈ കൊലപാതകത്തില്‍ യാതൊരു പങ്കില്ലെന്നും അയാള്‍ പ്രസംഗിച്ചു നടന്നു. ഒന്നു ചോദിച്ചോട്ടേ സഖാവേ, ഒരു സ്ത്രീക്ക് ശക്തയായിക്കൂടാ എന്നുണ്ടോ? അവള്‍ക്ക് ധീരമായ രാഷ്ട്രീയ നിലപാടുകള്‍ എടുത്തുകൂടാ എന്നുണ്ടോ? കണ്ടം തുണ്ടമായി മുഖം വെട്ടി മുറിക്കപ്പെട്ട ഭര്‍ത്താവിന്റെ മൃതദേഹത്തിനുമുന്നിലിരുന്ന് സ്വബോധത്തോടെ ''കൊല്ലാം, തോല്‍പ്പിക്കാനാവില്ലെന്ന് പറയുന്ന അവരുടെ വാക്കുകളെ നിങ്ങള്‍ ഇത്രയേറെ ഭയപ്പെടുന്നത് എന്തിനാണ് എന്ന് എനിക്ക് ഇനിയും മനസ്സിലായിട്ടില്ല. അതല്ല, ഇനി സഖാക്കളുടെ ഭാര്യമാരെപ്പോലെ വീടും കുടുംബവും സീരിയലുമായിക്കഴിഞ്ഞാല്‍ മതിയെന്നും പാര്‍ട്ടി സെക്രട്ടറി അങ്ങു തീരുമാനിക്കുകയാണോ? അതോ അചഞ്ചലയായ സഖാവ് രമ ഭര്‍തൃവിയോഗത്തില്‍ കരഞ്ഞ് തളരണമെന്നും നിങ്ങള്‍ ആശിക്കുന്നുണ്ടോ?
സഖാവെ രാഷ്ട്രീയം എല്ലാവരുടേയും അവകാശമാണ്. അതില്‍ സ്ത്രീയും പുരുഷനും പെടും. നിര്‍ഭയം അഭിപ്രായം പറയാനുള്ള എന്റെ അവകാശമാണ് എന്റെ രാഷ്ട്രീയം, എന്റെയും സഹജീവികളുടേയും ജീവിതത്തെയും അസ്തിത്വത്തെയും ബാധിക്കുന്ന ഏതിനെയും നേരിടുന്നത് എനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനവുമാണ്. മുഖം നോക്കി അഭിപ്രായവ്യത്യാസം വ്യക്തമാക്കിയ നേതാക്കളെ നിങ്ങള്‍ വെട്ടിനുറുക്കുമെന്ന് മനസ്സിലായി. എന്നാല്‍ മുഖത്ത് നോക്കി കാര്യം പറയുന്ന സ്ത്രീകളെ നിങ്ങള്‍ എന്തു ചെയ്യും സഖാവേ!.

60കളില്‍ കുടുംബം വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ട അതേ പാര്‍ട്ടിതന്നെയാണ് സ്ത്രീകളെ വീണ്ടും കുടുംബത്തില്‍ മാത്രം ഒതുങ്ങിക്കഴിയേണ്ടവളാക്കിയത്. ഭര്‍ത്താക്കന്‍മാര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്പോള്‍ ഭാര്യമാരെ കോപ്പറേറ്റീവ് സൊസൈറ്റികളിലും ബാങ്കുകളിലും ജോലി ചെയ്യിപ്പിച്ച് കുടുബം നോക്കാന്‍ പ്രാപ്തരാക്കിയത് പാര്‍ട്ടിയാണ്. സ്ത്രീകളില്‍ അരാഷ്ട്രിയ ബോധം ഉണ്ടാക്കിയെടുക്കാനും സ്ത്രീകള്‍ കുടുംബത്തില്‍ മാത്രം ഒതുങ്ങിക്കഴിയേണ്ടവളാണെന്ന തോന്നലിനും പാര്‍ട്ടി വളമിട്ടു. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ മാത്രം പുറത്തിറങ്ങുന്ന നേതാക്കന്‍മാരുടെ ഭാര്യമാരും ഇതില്‍പ്പെടുന്നു.

സഖാവ് രമയുടെ കാര്യമെടുത്താല്‍ തന്നെ കാണാം. സജീവ രാഷ്ട്രീയ പ്രവര്‍ത്തകയായ അവര്‍ വിവാഹത്തോടെ ജോലിചെയ്ത് കുടുംബം നോക്കുന്നു. പാര്‍ട്ടി നിര്‍ദ്ദേശിക്കുകയാണ് സ്ത്രീ കുടുംബം നോക്കട്ടെ; പുരുഷന്‍ പാര്‍ട്ടിയും. സഖാവ് രമയ്ക്കും വീണ്ടും രാഷ്ട്രിയത്തിലിറങ്ങാന്‍ സാഹചര്യം ഇത്തരത്തില്‍ മാറേണ്ടി വന്നു.   

ഏറ്റവും വലിയ കേഡര്‍ പാര്‍ട്ടി എന്നു വിശേഷിപ്പിക്കപ്പെടുന്ന പാര്‍ട്ടിയില്‍ ഇതാണോ സ്ത്രീകള്‍ക്കുള്ള വില. ഒരു വിധവയുടെ ജല്‍പ്പനങ്ങള്‍ക്ക് മീതെ അതൊന്നുമല്ലെന്ന് ധാര്‍ഷ്യത്തോടെ പറയുമ്പോള്‍ സഖാവെ നിങ്ങള്‍ക്ക് ലജ്ജ തോന്നിയില്ലേ? കാരണം സാമാന്യം മനുഷ്യഗണത്തില്‍പ്പെട്ടര്‍ക്കൊക്കെ തോന്ന്യാസം പറയുമ്പോള്‍ തോന്നുന്ന വികാരമാണത്. താന്‍ പറയുന്നത് ശരിയല്ലെന്ന് അവരുടെ മനസ്സാക്ഷി പറയും. താങ്കള്‍ക്ക് അതൊന്നും ഉണ്ടായില്ലെന്നതില്‍ ഖേദമുണ്ട്. സഖാവ് രമ പറഞ്ഞത് ഒരിക്കലും വിഭാന്ത്രിയില്‍ നിന്നുണ്ടായതാണെന്ന് തോന്നുന്നില്ല. കാരണം ടി.പി തുടങ്ങി വച്ചത് മുന്നോട്ടുകൊണ്ടു പോവുകതന്നെ ചെയ്യും എന്നു തന്നെയാണ് അവര്‍ ഇപ്പോഴും പറയുന്നത്. ഒരു പക്ഷെ നേതൃനിരയില്‍ ഇരുന്നില്ലെങ്കിലും റെവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വരും ദിനങ്ങളില്‍ സഖാവ് രമയുടെ വാക്കുകള്‍ ഒരു ഊര്‍ജ്ജം തന്നെയായിരിക്കും. സംശയമില്ല. 

സഖാവ് ടി പിയോ അദ്ദേഹത്തിന്റെ ജീവിത സഖാവ് രമയോ ഇതുവരെ എന്റെ ജീവിതത്തില്‍ ആരുമായിരുന്നില്ല. ഇനിയൊരുപക്ഷെ അതായിരിക്കില്ല സ്ഥിതി. എന്നെപ്പോലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ചില തിരിച്ചറിവുകള്‍ ഉണ്ടാകാന്‍ ഈ കൊലപാതകം സഹായകമായി എന്നു പറയാതെ വയ്യ. സഖാവ് രമയുടെ വാക്കുകളിലെ ഊര്‍ജ്ജം അതുതന്നെയാണ് നിങ്ങളെ അലോസരപ്പെടുത്തുന്നത്. അത് ആളിപ്പടരുന്നുണ്ട് സഖാവെ, അത് നിങ്ങള്‍ തിരിച്ചറിയുന്നുമുണ്ട്.


No comments:

Post a Comment