Tuesday, May 14, 2013

ഈ കുലത്തില്‍ തന്നെയുള്ള ധീരനായ പോരാളി


കെ.എസ്. ബിമല്‍
ഖാവ് ചന്ദ്രശേഖരന്‍ ക്രൂരമായ നരഹത്യക്കിരയായിട്ടു ഇന്ന് പതിനൊന്നു ദിവസങ്ങള്‍ പൂര്‍ത്തിയാവുകയാണ്. ഇക്കഴിഞ്ഞ രാത്രികളിലെല്ലാം ഉറക്കം നഷ്ട്ടപ്പെട്ട കനലെരിയുന്ന നെഞ്ചുമായി അസ്വസ്ഥരായ ചന്ദ്രശേഖരന്റെ വിദ്യാര്‍ഥി-യുവജന പ്രസ്ഥാന പ്രവര്‍ത്തന കാലയളവില്‍ ഒപ്പം നടന്നവരും, സഖാവിനെ സ്‌നേഹിക്കുന്നവരും ഒത്തുകൂടുന്ന പ്രതിഷേധ കൂട്ടായ്മയാണിത്. അങ്ങേയറ്റം രോഷത്തില്‍ മനസ്സു നീറുന്ന സമയത്തും, ചന്ദ്രശേഖരനെ കൊന്നതാരെന്ന് നമുക്കറിയില്ല, അദ്ദേഹത്തെ അനുസ്മരിക്കാന്‍, ഓര്‍മ്മിക്കാനാണ് ഞങ്ങള്‍ ഒത്തുകൂടിയിരിക്കുന്നത്. സഖാവ് ചന്ദ്രശേഖരനെ നെഞ്ചേറ്റുന്ന ആയിരക്കണക്കിനാളുകള്‍ പുറത്തു്. പതിനായിരക്കണക്കിനാളുകള്‍ വിങ്ങുന്ന വേദനയുമായി ഇന്ന് ഈ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍, ഉള്‍ഗ്രാമങ്ങളില്‍ അവിടെയെല്ലാം ഇരിക്കുന്നുണ്ട് എന്ന് ചന്ദ്രശേഖരന്റെ കൊലയാളികള്‍, പിന്നില്‍ നിന്നും ചന്ദ്രശേഖരനെ വെട്ടി വെട്ടി അന്‍പത്തൊന്ന് കഷണങ്ങളാക്കി അരിഞ്ഞെറിഞ്ഞ, ഈ നരാധമന്മാര്‍ ഓര്‍ക്കുന്നത് നന്ന് എന്നു മാത്രമേ ഞങ്ങള്‍ക്ക് പറയാനുള്ളൂ.

ചന്ദ്രശേഖരന്‍ എന്തു തെറ്റാണ് ചെയ്തത്? ആശയപരമായ സമരം, നയപരമായ ഭിന്നത, അഭിപ്രായങ്ങള്‍, നിലപാടുകള്‍ ഒരു പ്രത്യയശാസ്ത്രത്തെയും ക്ഷീണിപ്പിക്കില്ല. ഇതെല്ലാം ജനാധിപത്യത്തെ പുഷ്‌കലമാക്കും എന്നു തന്നെയാണ് ഞങ്ങള്‍ പഠിക്കുന്നത്. കറകളഞ്ഞ പ്രത്യയശാസ്ത്ര നിലപാടു രൂപീകരണങ്ങള്‍ക്ക്, നയരൂപീകരണങ്ങള്‍ക്ക്, ആശയവ്യക്തതക്ക്, തെളിച്ചമുള്ള വിശ്വാസപ്രമാണങ്ങള്‍ക്ക് നിരന്തരമായ ആശയസമരങ്ങളും സംഘര്‍ഷങ്ങളും നമ്മുടെ സമൂഹത്തില്‍ നടന്നേ മതിയാകൂ. അതുകൊണ്ട് പ്രത്യയശാസ്ത്രത്തിനും പ്രസ്ഥാനത്തിനും ചന്ദ്രശേഖരന്‍ ഒരിക്കലും ഭീഷണിയായിരുന്നില്ല. ചന്ദ്രശേഖരന്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ ഏതു പ്രസ്ഥാനത്തെ സംബന്ധിച്ചായാലും അത്തരം പ്രസ്ഥാനങ്ങള്‍ സ്വാഭാവികമായും അത്തരം വിമര്‍ശനങ്ങളാല്‍ നവീകരിക്കപ്പെടുകയേ ഉള്ളൂ, കറകഴുകി കൂടുതല്‍ തെളിച്ചത്തോടെ പ്രവര്‍ത്തിക്കുകയേ ഉള്ളൂ. പിന്നെ ആരാണ് ചന്ദ്രശേഖരനെ കൊന്നത്? എന്തിനാണ് കൊന്നത്?

ചന്ദ്രശേഖരനെ കൊന്നതു കൊണ്ട് ഒരു പ്രത്യയശാസ്ത്രത്തിനും നേട്ടമുണ്ടാകില്ല എന്ന ചരിത്രബോധം ഇവിടത്തെ കമ്യൂണിസ്റ്റുകാര്‍ക്കെല്ലാം ഉണ്ട്് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പക്ഷെ അരമനകളില്‍ സുഖലോലുപതയില്‍ പുളയ്ക്കുന്ന, മാഫിയകളുടെയും കച്ചവടക്കാരുടെയും തണലില്‍ വിഹരിക്കുന്ന രാഷ്്ട്രീയ ശക്തികള്‍ക്ക്, താല്‍പര്യങ്ങള്‍ക്ക് ഒരുപക്ഷെ ചന്ദ്രശേഖരന്‍ വലിയ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ടാകാം. അലോസരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാകാം. അത്തരം അസ്വസ്ഥതകളേയും അലോസരങ്ങളേയും കൊലക്കത്തിയാല്‍, അറവാളിനാല്‍ തീര്‍ത്തുകളയാം എന്നു വിചാരിക്കുന്നത് മൗഢ്യമാണ്. അത് വൃഥാവിലാവുമെന്ന് ചരിത്രവും കാലവും ഒട്ടേറെത്തവണ നിങ്ങളെ പഠിപ്പിച്ചിട്ടും എന്തേ പഠിക്കാത്തത്? തീര്‍ച്ചയായും ഇതിന് പ്രതികാരം ചെയ്യും ഈ നാട്ടുകാര്‍. ഇതിനു പ്രതികാരം ചെയ്യും, ചന്ദ്രശേഖരന്റെ സ്മരണയില്‍ നിന്നും.

ബാല സംഘത്തില്‍ നിന്നാരംഭിച്ച് മടപ്പള്ളി ഹൈസ്‌കൂളില്‍ അടിയന്തിരാവസ്ഥയുടെ കറുത്ത നാളുകളില്‍ എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയായി.
ക്രൂരമായ പീഡനങ്ങളാല്‍ ഇഞ്ചിഞ്ചായി വീഴുമ്പോഴും കല്‍തുറങ്കില്‍ കൊടിയടയാളം വരച്ചുവെച്ച മണ്ടോടി കണ്ണന്റെ ബലികുടീരം സ്ഥിതി ചെയ്യുന്ന നെല്ലാംചേരിയില്‍ പതിനെട്ടാമത്തെ വയസില്‍ സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയായി പൊതു പ്രവര്‍ത്തനത്തിന്റെ സജീവ പന്ഥാവിലെക്കിറങ്ങിച്ചെന്ന ടി. പി., എസ് എഫ് ഐ ജില്ലാ സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റി അംഗം, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി, ജില്ല സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളിലും സി പി ഐ എം-ന്റെ ലോക്കല്‍ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

സ. ചന്ദ്രശേഖരന്‍ അനിതര സാധാരണമായ പ്രവര്‍ത്തന ശൈലിയുടെ ഉടമയായിരുന്നു. കരിങ്കല്ല് പോലുള്ള നിശ്ചയദാര്‍ഢ്യം, ഉറവ വറ്റാത്ത സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സൗമ്യ ദീപ്തതയും സമ്മേളിച്ച അപൂര്‍വ്വ വ്യക്തിത്വം. പ്രകടന പരതയില്ലാത്ത വ്യക്തിത്വത്താല്‍ മനസിലേക്ക് വലിച്ചടുപ്പിക്കുന്ന പെരുമാറ്റമായിരുന്നു ചന്ദ്രശേഖരന്റേത്. കര്‍മം കൊണ്ട് അടയാളപ്പെടുത്തിയ ജീവിതം തന്നെയായിരുന്നു അത്. മടപ്പള്ളി കോളേജില്‍ പഠിക്കുമ്പോഴാണ് ഞാന്‍ അദ്ദേഹത്ത ആദ്യമായി പരിചയപ്പെടുന്നത്. അന്ന്  എസ്.എഫ്.ഐക്ക് ഫണ്ട് ശേഖരിക്കാന്‍ സഖാവ് ചന്ദ്രശേഖരനെ സമീപിക്കാന്‍ പറഞ്ഞു. അന്ന് ഞാന്‍ ഒഞ്ചിയത്തെത്തി. ഏരിയാ കമ്മിറ്റി ഓഫീസ്സ്    നിര്‍മ്മിക്കുന്ന കാലം. ഞാന്‍ സഖാവിനെ കാണാന്‍ അവിടെ എത്തി. ഒരു തോര്‍ത്തുമുണ്ടുടുത്ത് ഓഫീസ് നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി മറ്റു തൊഴിലാളികളോടൊപ്പം കല്ലു ചുമക്കുന്ന ചന്ദ്രശേഖരനെയാണ് ഞാന്‍ അന്നവിടെ കണ്ടത്. സംഘടനാ തീരുമാനങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറുമ്പോഴും അവരോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് അവരിലൊരാളായി പ്രവര്‍ത്തിക്കുന്ന ചന്ദ്രശേഖരന്‍.. സഖാക്കളേ, കോഴിക്കോട് സി.പി.ഐ.എമ്മിന്റെ എത്ര നേതാക്കളുണ്ട് ഇത്തരത്തിലുള്ള നേതൃത്വമായി പ്രവര്‍ത്തിക്കുന്നവരായി?
പിന്നീട് എസ്.എഫ്.ഐ ഒഞ്ചിയം ഏരിയ സമ്മേളനം, എടച്ചേരിയുടെ അതിര്‍ത്തിയില്‍ ഒര്‍ക്കാട്ടേരിയില്‍. അന്ന് സമ്മേളനം ആരംഭിക്കാന്‍ സമയമായപ്പോള്‍ എല്ലാവരും സഖാവ് ടി.പി.യെ അന്വേഷിച്ചു. വിയര്‍ത്തോലിച്ചു കൈലി ഉടുത്ത് സഖാക്കള്‍ക്ക് ഭക്ഷണം  പാകം ചെയ്യുന്ന തിരക്കിലായിരുന്നു. ആ കരിപിടിച്ച കൈകളുമായി ഉദ്ഘാടനവേദിയിലേക്ക് കടന്നുവന്ന ടി.പി.യെ എനിക്ക് ഇന്നും ഓര്‍മ്മയുണ്ട്. ഇന്ത്യന്‍ വിപ്ലവ പാത ക്ലാസില്‍ അവതരിപ്പിക്കുമ്പോള്‍, 'നിഷേധത്തിന്റെ നിഷേധം' ഫലപ്രഥമായി അവതരിപ്പിക്കുന്ന ചന്ദ്രശേഖരന്‍.. തെരഞ്ഞെടുപ്പു സമയങ്ങളില്‍ രാത്രി വൈകും വരെ സഖാക്കളോടൊപ്പം നിന്ന് ബീഡി വലിച്ചു തള്ളുന്ന, സഖാക്കള്‍ക്ക് രാത്രിയില്‍ കാവല്‍ നില്‍ക്കുന്ന ചന്ദ്രശേഖരന്‍... ഒടുവില്‍ മടപ്പള്ളി രമേശന്‍ രക്തസാക്ഷിയായപ്പോള്‍, ജോബിയെയും സജീവനെയും അറവാളുകള്‍ തട്ടിയെടുത്തപ്പോള്‍ കരളുറപ്പും നിശ്ചയ ദാര്‍ഢ്യവുമായി സഖാക്കള്‍ക്കൊപ്പം താങ്ങും തണലുമായി നിന്നവന്‍. എല്ലാക്കാലത്തും ന്യായത്തിന്റെയും ശരിയുടെയും കൂടെ അടിയുറച്ചു നിന്ന പോരാളി. പല സങ്കടങ്ങളും ഉള്ളില്‍ ഒളിപ്പിച്ചു നെഞ്ച് വിരിച്ചു മുണ്ടുമടക്കിക്കെട്ടി സഖാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചന്ദ്രശേഖരന്‍.

ആ ചന്ദ്രശേഖരന്‍, നമ്മുടെ മനസുകളില്‍ ഊര്‍ജവും ആവേശവുമായി നില്‍ക്കുന്ന ചന്ദ്രശേഖരന്‍.. സഖാവ് ചന്ദ്രശേഖരന്‍ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച, കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ നെഞ്ചോട് ചേര്‍ത്ത ധീര കമ്മ്യൂണിസ്റ്റാണെന്നു പറയാന്‍ ഒരു വിലക്കും തടസ്സമല്ല.
സംഘടനാപരവും ആശയപരവുമായ പ്രശ്‌നങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്നും വഴിപിരിഞ്ഞിറങ്ങി ചന്ദ്രശേഖരന്‍. അതിന്റെ ന്യായാന്യായങ്ങളെന്തായാലും ആയിരങ്ങള്‍ ചന്ദ്രശേഖരന്റെ വഴികളില്‍ ഒപ്പം കൂടി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തെറ്റായ സംഘടനാ തീരുമാനത്തെയും നയവ്യതിയാനത്തെയും തുറന്നെതിര്‍ത്ത ചന്ദ്രശേഖരന്റെ നിലപാടുകളോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ടാകാം. പാര്‍ട്ടിയുടെ സംഘടനാ തത്വങ്ങള്‍ പാലിച്ച് ടി.പിയോട് ആഭിമുഖ്യമുണ്ടെങ്കിലും പാര്‍ട്ടിയില്‍ തുടരുന്നവര്‍ ഒരുപാടുണ്ട്. അതെന്തായാലും ഭിന്നാഭിപ്രായങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഏതു ജനാധിപത്യസമൂഹത്തേയും സക്രിയമാക്കുകയും നവീകരിക്കുകയും ചെയ്യുമെന്ന ഉറച്ച നിലപാടുള്ളവര്‍ ആണ് കമ്മ്യൂണിസറ്റുകാര്‍. നിലപാടുകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, ആശയപരമായ സംഘര്‍ഷങ്ങള്‍ ഒരു ജനാധിപത്യസമൂഹത്തെ കറതീര്‍ത്ത് നവീകരിക്കുകയല്ലാതെ ഒരു പ്രത്യയശാസ്ത്രത്തെയും ഇന്നുവരെ ദോഷകരമായി ബാധിച്ചിട്ടില്ല. അതുകൊണ്ട് സഖാവ് ചന്ദ്രശേഖരന്‍ കുലം വിട്ടവനായിട്ടല്ല, വിമതനായിട്ടല്ല, വിരുദ്ധനായിട്ടല്ല, ഈ കുലത്തില്‍ തന്നെയുള്ള ധീരനായ പോരാളിയായാണെന്ന് സഖാക്കളേ ഉറക്കെ പറയേണ്ടിയിരിക്കുന്നു.

അതുകൊണ്ടുതന്നെ പ്രസ്ഥാനം വിട്ടെങ്കിലും ചന്ദ്രശേഖരന്റെ ശൈലിയും മൂല്യവും പ്രവര്‍ത്തന ശൈലിയും ധൈര്യവും സ്ഥിരതയും എന്നും മാതൃകയായി തീരും. അങ്ങനെ അദ്ദേഹത്തെ സ്മരിക്കുന്നില്ലെങ്കില്‍ കാലത്തോടും ചരിത്രത്തോേടും ഒഞ്ചിയത്തെ വിപ്ലവഭൂമിയോടും ചെയ്യുന്ന അനീതിയായി തീരുമെന്നതില്‍ തര്‍ക്കമില്ല.

ഇപ്പോള്‍ ചന്ദ്രശേഖരന്‍ ജീവിച്ചിരിക്കുന്നില്ല. കഴിഞ്ഞ മേയ് നാലിന്റെ രാത്രിയില്‍, പിന്നാലെ വന്ന അറവാളുകള്‍ അന്‍പത്തിയൊന്നു കഷണങ്ങള്‍ ആക്കി ചന്ദ്രശേഖരനെ അവസാനിപ്പിച്ചു. നമ്മളെല്ലാം പഠിച്ച ചരിത്രം ആശയത്തെ കൊലക്കത്തി കൊണ്ടും അറവാളുകള്‍ കൊണ്ടും അവസാനിപ്പിക്കാനാവില്ല എന്നാണ്. കൊന്നതാരെന്നു നമുക്കറിയില്ല .അന്വേഷണം കൂടുതല്‍ ശക്തിപ്പെടുത്തുകയും ഗൂഢാലോചനയുടെ ഇരുണ്ട വഴിയിലേക്ക് വെളിച്ചം വീശുകയും വേണം. പക്ഷെ , ഒഞ്ചിയത്തിന്റെ രക്തസാക്ഷി ഗ്രാമത്തില്‍ നിന്ന് സഖാവ് മണ്ടോടി കണ്ണന്റെ നേരവകാശിയായി തുടര്‍ന്ന് നാട്ടുകാരുടെ പ്രിയപ്പെട്ടവനായി അനുകരിക്കാനാവാത്ത ധൈര്യത്തിന്റെയും അചഞ്ചലതയുടെയും ആള്‍രൂപമായി ഒരു ധീരനായ കമ്മ്യൂണിസ്റ്റുകാരന്‍ അന്‍പത്തിയോന്നു കഷണങ്ങളാല്‍ വെട്ടി നുറുക്കപ്പെട്ട് അനാഥമായികൂടാ... സഖാക്കളെ... കൊലയാളികള്‍ ആരായാലും ഈ ആരും കൊല ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയും സമൂഹം അവരെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും വേണം. രക്തസാക്ഷികള്‍ എപ്പോഴും പോരാട്ടത്തിന്റെ ചുരുക്കെഴുത്തുകള്‍ ആണ്. അവര്‍ കാലത്തിനും ചരിത്രത്തിനും വഴിയും വെളിച്ചവുമായി തീര്‍ന്ന അനുഭവമാണ് നമുക്ക് ചുറ്റിലും ഉള്ളത്. അതിനാല്‍ ചന്ദ്രശേഖരന്‍ മരിക്കില്ല..

(കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം)

No comments:

Post a Comment